പ്രതിസന്ധികള്‍ക്കിടയിലും ആഗോള വിപണിയില്‍ ഊര്‍ജ വിതരണം തടസ്സമില്ലാതെ തുടരുന്നു: സൗദി അറേബ്യ

ടെഹ്റാന്: ഇറാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്യാനും സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന് എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ഇറാനിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മക്ക സംയുക്ത പ്രതിരോധ കരാറില്‍ പങ്കാളികളായ മൂന്ന് രാജ്യങ്ങള്‍ ഇറാനുമായി നടത്തുന്ന ഈ ഉന്നതതല കൂടിക്കാഴ്ച, സൗദി അറേബ്യ സംഘര്‍ഷത്തിന്റെ സമ്മര്‍ദത്തിലേക്ക് കൂടുതല്‍ വലിച്ചിഴക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തേതാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന്, പാകിസ്താന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, തുര്‍ക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കാലിന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് സൗദി, ഇറാന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി. യെമനിലെ ഇറാന് അനുകൂല ഹൂതി വിഭാഗത്തിന്റെ ആക്രമണങ്ങള്‍ ശക്തമായതും അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് കടുത്തതുമായ സാഹചര്യത്തിലാണ് നയതന്ത്ര നീക്കം. മേഖലയിലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയുക, സുരക്ഷാ ഏകോപനം ശക്തിപ്പെടുത്തുക, നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുക എന്നിവയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങള്‍.
മക്ക സംയുക്ത പ്രതിരോധ കരാര്‍
ഓഗസ്റ്റില്‍ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം അംഗരാജ്യങ്ങളിലൊന്നിനെതിരായ സായുധ ആക്രമണം എല്ലാ അംഗങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കും. കരാറിന്റെ അടിസ്ഥാനത്തില്‍ അംഗരാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നാണ് വ്യവസ്ഥ. ഈ മാസം ആദ്യം റിയാദില്‍ ചേര്‍ന്ന അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ അടിയന്തര യോഗം, സൗദി അറേബ്യയില്‍ സൈനിക ശേഷികളും സേനാവിഭാഗങ്ങളും വേഗത്തില്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഹൂതി ആക്രമണങ്ങള്‍ക്കിടെ സൗദി അറേബ്യ മിസൈലുകളുടെയും ഡ്രോണുകളുടെയും പുതിയൊരു തരംഗം തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പ്രാദേശിക സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ മധ്യസ്ഥര്‍ ഞായറാഴ്ച ടെഹ്റാനില്‍ ഇറാന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ മാസങ്ങളായി ഖത്തര്‍ മധ്യസ്ഥ പങ്ക് വഹിച്ചുവരികയാണ്.