പ്രതിസന്ധികള്‍ക്കിടയിലും ആഗോള വിപണിയില്‍ ഊര്‍ജ വിതരണം തടസ്സമില്ലാതെ തുടരുന്നു: സൗദി അറേബ്യ

സുല്‍ത്താന്‍പുര്‍: അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി. കേസ് പരിഗണിച്ച സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ് രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയത്. അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമര്‍ശത്തിലായിരുന്നു കേസ്. എന്നാല്‍ പരാമര്‍ശം അപകീര്‍ത്തികരമല്ലെന്ന് കോടതി വിലയിരുത്തി. പരാമര്‍ശം മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്നും അമിത് ഷാക്കെതിരെ നിലനിന്നിരുന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നായിരുന്നു കോടതിയില്‍ രാഹുലിന്റെ അഭിഭാഷകന് വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വിധി വന്നത്.
കേസില്‍ വിധി വരുന്നതിനാല്‍ രാഹുല്‍ ഗാന്ധി കോടതിയിലെത്തിയിരുന്നു. ലഖ്നൗ വിമാനത്താവളത്തില്‍ നിന്ന് സുല്‍ത്താന്‍പുരിലേക്ക് പോകാനായെത്തിയ അദ്ദേഹത്തെ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു. വഴിമധ്യേ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില് വച്ച് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് പരിക്കേറ്റിരുന്നില്ല. അദ്ദേഹം കോടതിയിലേക്ക് പോവുകയായിരുന്നു.
2018ല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവില്‍ വെച്ച് അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ‘ബി.ജെ.പി അധ്യക്ഷന്‍ കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങള്‍ മറക്കുന്നു, അതാണ് സത്യം. സത്യസന്ധതയെയും മാന്യതയെയും കുറിച്ച് സംസാരിക്കുന്ന പാര്‍ട്ടിക്ക്, കൊലക്കേസില്‍ പ്രതിയായ ഒരാളാണ് അധ്യക്ഷനായിട്ടുള്ളത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.