പ്രതിസന്ധികള്‍ക്കിടയിലും ആഗോള വിപണിയില്‍ ഊര്‍ജ വിതരണം തടസ്സമില്ലാതെ തുടരുന്നു: സൗദി അറേബ്യ

വാഷിങ്ടണ്‍: യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ പദവിയിലേക്ക് യുഎഇ നാമനിര്‍ദേശം ചെയ്ത നയതന്ത്രജ്ഞ ലാന സാക്കി നുസൈബയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീന്. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കായി അവര്‍ നടത്തിയ ഇടപെടലുകളും അന്താരാഷ്ട്ര സമാധാന സുരക്ഷാ മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് പിന്തുണയെന്ന് ഫലസ്തീന് വ്യക്തമാക്കി.
ഫലസ്തീന്റെ പിന്തുണയെ ലാന നുസൈബ സ്വാഗതം ചെയ്തു. ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സുരക്ഷിതത്വത്തോടെയും സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ശ്രമിച്ചതെന്ന് അവര്‍ എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഫലസ്തീന് പ്രകടിപ്പിച്ച വിശ്വാസത്തിന് നന്ദിയും അറിയിച്ചു.
യുഎഇയും ഫലസ്തീനും തമ്മിലുള്ള അടുത്ത ബന്ധവും ബഹുരാഷ്ട്ര നയതന്ത്രരംഗത്തെ ലാന നുസൈബയുടെ പരിചയസമ്പത്തും കഴിവും കണക്കിലെടുത്താണ് പിന്തുണ നല്‍കുന്നതെന്ന് ഫലസ്തീന് വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. യുഎന്നില്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സംവാദവും സമവായവും വളര്‍ത്തുന്നതില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ഫലസ്തീന് പ്രശംസിച്ചു.
അന്താരാഷ്ട്ര സമാധാനം, സുരക്ഷ, മാനുഷിക പ്രവര്‍ത്തനങ്ങള്‍, വികസനം തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ക്കൊപ്പം ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ നടത്തിയ ഇടപെടലുകളും പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.
നിലവിലെ ആഗോള വെല്ലുവിളികള്‍ക്കിടയില്‍ യുഎന്നിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും ഫലസ്തീന് ചൂണ്ടിക്കാട്ടി. യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരം ശക്തിപ്പെടുത്തുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുന്ന നേതൃത്വമാണ് വേണ്ടതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
അറബ് ലോകത്തുനിന്നുള്ള അനുഭവസമ്പന്നയായ ഒരു വനിത യുഎന്‍ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള സാധ്യത ചരിത്രപരമായ അവസരമാണെന്നും ഫലസ്തീന് വിലയിരുത്തി. ലാന നുസൈബയുടെ സ്ഥാനാര്‍ഥിത്വത്തിന് മറ്റ് അറബ് രാജ്യങ്ങളും സൗഹൃദരാജ്യങ്ങളും പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചു.