പൊലീസ് സേവനങ്ങള്‍ക്ക് പുതിയ മുഖം; ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നല്കുന്ന ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘മൈ പൊലീസ് സ്റ്റേഷന്’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ലഹരിക്കെതിരെ ‘ഓപ്പറേഷന് തൂഫാന്’ ആഞ്ഞടിച്ചതുപോലെ, ജനങ്ങളുടെ ഹൃദയത്തില്‍ പൊലീസിന് മികച്ച സ്ഥാനം നേടാന്‍ ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. പൊലീസ് സൗഹാര്‍ദ്ദപരമായി പെരുമാറുന്നതിനൊപ്പം നിയമം ലംഘിക്കുന്നവര്‍ക്ക് പൊലീസ് അന്വേഷിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഭയവും ഉണ്ടാകണം. ലോകത്ത് കുറ്റവാളികള്‍ കൂടുതല്‍ നൂതനമായ രീതികള്‍ സ്വീകരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. അതിനനുസരിച്ച് പൊലീസിന്റെ പ്രവര്‍ത്തനരീതിയിലും മാറ്റം വരണം. പൊലീസ് നമ്മുടെ സുഹൃത്തും ബന്ധുവുമാണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
‘മൈ പൊലീസ് സ്റ്റേഷന്’ എന്ന് ഏതൊരാള്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയുന്ന തരത്തില്‍ പൊലീസ് സ്റ്റേഷനുകളുടെ രൂപത്തിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ പ്രൊഫഷനലിസത്തിലൂടെയും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയും പൊലീസിന്റെ പ്രവര്‍ത്തനവും പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളും പടിപടിയായി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. രാജ്യത്തിന് മാതൃകയായ പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാല്‍ കൂടുതല്‍ പരിഷ്കരണം ആവശ്യമാണ്. അതിലേക്കുള്ള മുന്നേറ്റമാണ് ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതി. ഒരു കാലത്ത് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായിരുന്ന പൊലീസ് സംവിധാനം ഇനി അങ്ങനെയുണ്ടാകില്ലെന്നും സംസ്ഥാനത്തെ പൊലീസിന്റെ അകവും പുറവും ഒരുപോലെ മാറുകയാണ്. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവ പോലെ പൊലീസ് സ്റ്റേഷനുകളും ജനസേവന കേന്ദ്രങ്ങളായി മാറണം. ജനങ്ങളുടെ സഹകരണം കൊണ്ടാണ് ‘ഓപ്പറേഷന് തൂഫാന്’ ഇത്രയും വിജയകരമായതെന്നും മന്ത്രി വ്യക്തമാക്കി.
പൗരന്റെ അന്തസിനെ പൂര്‍ണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള വലിയ ചുവടുവയ്പാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷന് പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുജനസൗഹൃദ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പരാതി ഹെല്‍പ്പ് ഡെസ്ക്, വനിതാ ഹെല്‍പ്പ് ഡെസ്ക്, കുട്ടികളുടെ ഹെല്‍പ്പ് ഡെസ്ക്, സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്, ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹെല്‍പ്പ് ഡെസ്ക്, സൈബര്‍ ക്രൈം ഹെല്‍പ്പ് ഡെസ്ക്, നിയമസഹായ ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയ വിവിധ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
പൊലീസിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയാകുന്ന മൂന്നാംമുറ പോലുള്ള അപരിഷ്കൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി പൊലീസ് സ്റ്റേഷനുകളെ ആധുനിക ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ പരിശീലനമടക്കമുള്ള കര്‍മപരിപാടികള്‍ക്ക് പൊലീസ് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന്, നിയമക്രമസമാധാന വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പി. വിജയന്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ആര്.ബി. കൃഷ്ണ, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.