ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റി ജനകീയവത്കരിക്കുമെന്ന് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആഗസ്റ്റ് 15 മുതല്‍ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണ്. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുകയാണ്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കല്‍പ്പത്തിലെ നിര്‍ണ്ണായകമായ ചുവട് വയ്പ്പാണിത്. ആഗസ്റ്റ് 15 മുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മ്മാരായി (എസ്എച്ച്ഓ) സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്എച്ച്ഒ മാരായി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരെ നിയമിക്കുന്ന തിരുമാനമെടുത്തിരുന്നു. ഇതില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം ആഭ്യന്തര വകുപ്പ് കൊണ്ടുവരുന്നത്. സബ് ഇന്‍സ്പക്ടര്‍മ്മാരായി നേരിട്ട് ജോലിയില്‍പ്രവേശിക്കുന്ന യുവതീ യുവാക്കള്‍ക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയെയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെയും കൂടുതല്‍ ശക്തമാക്കും.
കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും ജനകീയ പോലീസിംഗ് നടപ്പിലാക്കും. 419 പോലീസ് സ്റ്റേഷനുകളിലാണ് ആഗസ്റ്റ് 15 മുതല്‍ എസ്എച്ച്ഒ മാരായി സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കുന്നത്. അതേ സമയം പ്രാധാന്യമുള്ള 64 പോലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും. മുല്ലപ്പെരിയാറിന്റെ നിര്‍ണ്ണായകവും തന്ത്രപരവുമായ പ്രധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷനിലെ എസ്എച്ച്ഒ യുടെ ചുമതല ഡിവൈഎസ് പിക്ക് തന്നെയായിരിക്കും.
മറ്റൊരു പ്രാധാന്യമുള്ളത് കേരളത്തിലെ 63 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ മാരാകാന്‍പോകുന്നത് വനിതാ സബ് ഇന്‍സ്പക്ടര്‍മാര്‍ ആയിരിക്കും.
സബ് ഇന്‍സ്പക്ടര്‍മ്മാരെ എസ്എച്ച്ഒ മാരായി നിയമിക്കുമ്പോള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദശം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കീഴില്‍ 200 പൊലീസ് സര്‍ക്കിളുകള്‍ സൃഷ്ടിക്കപ്പെടും. പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസിനെ മാനിച്ചുകൊണ്ട്, മെച്ചപ്പെട്ട, സമയബന്ധിതമായ, സേവനങ്ങള്‍ നല്‍കിക്കൊണ്ട് വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുക എന്നതാണ് My police station പദ്ധതിയുടെ പ്രധാന ലക്ഷ്യം. കസ്റ്റഡി മരണങ്ങള്, കസ്റ്റഡി മര്‍ദ്ദനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് My police station പദ്ധതിയുടെ അടുത്ത സുപ്രധാന ലക്ഷ്യം. പോലീസ് സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഘട്ടം ഘട്ടമായി ഓറിയന്റേഷന്‍ ട്രെയിനിംഗ് നല്‍കും. സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നത് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മുതല്‍ മുകളിലേക്കുള്ളവരാണ്. ഇവരുടെ സജീവമായ ഇടപെടല്‍ ഉണ്ടെങ്കിലേ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കൂ. പൗരന്‍മ്മരാടും കീഴുദ്യോഗസ്ഥരോടും നല്ല ബന്ധം പുലര്‍ത്താന്‍ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അനാവശ്യ സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിക്കുന്നതു പോലുള്ള അവസ്ഥ ഒഴിവാക്കണം.
സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണം. അതുവഴി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിയും. ഹൈടെക് കുറ്റകൃത്യങ്ങളുടെ കാലമാണിപ്പോള്‍. ലോണ്‍ആപ്പുകളും, മറ്റു സൈബര്‍ തട്ടിപ്പുകളും വലിയ തോതില്‍ വര്‍ധിക്കുന്നു. ഇതെല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ പൊലീസിനെ പ്രാപ്തമാക്കും. ഇതിനായി ഐജി സൈബര്‍ സെക്യുരിറ്റിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍തന്നെ ഒരു സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് പോലീസ് മാറ്റങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.