വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ; പിണറായി വിജയന് ആശ്വാസം

ദോഹ: നിര്‍മിതബുദ്ധി (എഐ), സെമികണ്ടക്ടറുകള്‍, ശുദ്ധ ഊര്‍ജം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളിലേക്ക് ആഗോളതലത്തില്‍ വന്‍തോതില്‍ നിക്ഷേപം ഒഴുകുമ്പോഴും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സാങ്കേതികവിദ്യയും ഹരിത ഊര്‍ജവും ആഗോള സമ്പദ്വ്യവസ്ഥ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘട്ടത്തില്‍ വികസ്വര രാജ്യങ്ങള്‍ പിന്നിലാകുന്നത് തടയാന്‍ സര്‍ക്കാരുകളും നിക്ഷേപകരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദോഹയില്‍ ഞായറാഴ്ച ആരംഭിച്ച ഒമ്പതാമത് ലോക നിക്ഷേപ ഫോറത്തിന് നല്കിയ സന്ദേശത്തിലാണ് ഗുട്ടെറസ് ഇക്കാര്യം വ്യക്തമാക്കിയത്. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ പുതുതായി ആരംഭിക്കുന്ന നിക്ഷേപ പദ്ധതികളുടെ പകുതിയോളം വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ അവസരങ്ങള്‍ തുറക്കുന്ന മേഖലകളാണിവ. എന്നാല്‍, ഈ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഏറ്റവും കുറഞ്ഞ വികസനനിലയിലുള്ള രാജ്യങ്ങളിലേക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കും എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജം, സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ വികസ്വര രാജ്യങ്ങളിലേക്കുള്ള സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. നിക്ഷേപത്തിന്റെ നേട്ടം ബന്ധപ്പെട്ട രാജ്യങ്ങളിലെ ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വ്യാപകമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ വ്യാപാരവികസന സംഘടനയായ യുഎന്‍സിടിഎഡിയുടെ ലോക നിക്ഷേപ റിപ്പോര്‍ട്ട് 2026 പ്രകാരം, 2025ല്‍ ആഗോള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ആറു ശതമാനം വര്‍ധിച്ച് 1.6 ട്രില്യണ്‍ ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ ഇടിവിനു ശേഷമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍, നിക്ഷേപത്തിന്റെ വര്‍ധന എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ലഭിച്ചില്ല. വികസിത സമ്പദ്വ്യവസ്ഥകളിലേക്കുള്ള നിക്ഷേപം 11 ശതമാനം വര്‍ധിച്ചപ്പോള്‍ വികസ്വര സമ്പദ്വ്യവസ്ഥകളിലെ വര്‍ധന രണ്ടു ശതമാനം മാത്രമായിരുന്നു. ആഗോള നിക്ഷേപത്തിന്റെ 80 ശതമാനത്തിലധികവും ഏറ്റുവാങ്ങിയത് ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിക്കുന്ന 20 സമ്പദ്വ്യവസ്ഥകളാണ്. യുഎന്‍ വ്യാപാരവികസന സംഘടനയും ഖത്തറും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക നിക്ഷേപ ഫോറം ഒക്ടോബര്‍ 25 മുതല്‍ 27 വരെയാണ് നടക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും 20ലധികം മന്ത്രിമാരും അന്താരാഷ്ട്ര ഏജന്‍സികളുടെ മേധാവികളും ഫോറത്തില്‍ പങ്കെടുക്കും.