അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

അബുദാബി: അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് യുഇഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്യത്തിന് വേണ്ടി ദീര്‍ഘകാലം അതുല്യമായ സേവനങ്ങള്‍ നല്കിയ, അന്തരിച്ച ശൈഖ് തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. രാജ്യത്തിന്റെ തുടക്കം മുതല്‍ 2024-ല്‍ വിയോഗം വരെ അബുദാബി ഭരണാധികാരിയുടെ കിഴക്കന്‍ മേഖലയിലെ പ്രതിനിധിയായി ശൈഖ് തഹ്നൂന് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് അബുദാബിയുടെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് യുഇഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം ‘സായിദ് അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അല്‍ ഐന്‍ വിമാനത്താവളത്തിന്റെ പേരും മാറ്റിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്.