ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്ന എല്ലാ തൊഴിലുടമകളും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ക്കായി നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് എടുക്കണമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി, തൊഴിലുടമ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയാല്‍, 30 മാസത്തെ കാലയളവില്‍ പരമാവധി 20,000 ദിര്‍ഹം വരെ കുടിശ്ശിക ശമ്പളം ഇന്‍ഷുറന്‍സ് വഴി തൊഴിലാളിക്ക് ലഭ്യമാകും.
തൊഴിലുടമകളുടെ ഉത്തരവാദിത്വങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശത്തില്‍ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നാല് തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക പ്രീമിയം 40 മുതല്‍ 100 ദിര്‍ഹം വരെയാണ്. തൊഴിലാളി മരണപ്പെട്ടാല്‍ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവും ഈ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടും. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫീസ്, ഗ്യാരണ്ടി, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും തൊഴിലുടമ വഹിക്കണം. തൊഴില്‍ കരാറിലെ എല്ലാ വ്യവസ്ഥകളും തൊഴിലാളിക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലാളികളുടെ പാസ്പോര്‍ട്ടോ മറ്റ് ഔദ്യോഗിക രേഖകളോ തൊഴിലുടമ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കി. ജോലി അവസാനിപ്പിക്കുന്ന ജീവനക്കാരന് ആവശ്യപ്പെട്ടാല്‍ സൗജന്യമായി തൊഴില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതില്‍ അവസാന ശമ്പളവും ജോലി അവസാനിച്ചതിന്റെ കാരണവും രേഖപ്പെടുത്തണം. എന്നാല്‍ ഭാവിയിലെ തൊഴില്‍ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. സ്വദേശിവല്ക്കരണമടക്കം തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഫസ്റ്റ് കാറ്റഗറി പദവിയും എമിററ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബ്ബ് അംഗത്വവും ലഭിക്കും. ഇതിലൂടെ മന്ത്രാലയത്തിന്റെ ചില സേവനങ്ങളില്‍ 80 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കും. നിയമ ലംഘനത്തിന് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.