ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

അബുദാബി: മുഷ്രിഫ് മാളിലെ ലുലുവില്‍ പെട്ടെന്നെത്തിയ വിഐപിയെ കണ്ട് മാളിലെത്തിയവര്‍ അന്ധാളിച്ചു പോയി. ഇമാറാത്തിന്റെ ഭരണാധികാരി, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന്. ഒട്ടു ധൃതിയില്ലാതെ, മുന്നില്‍ കാണുന്നവരോടൊക്കെ സംസാരിച്ചും കുശലാന്വേഷണം നടത്തിയും അദ്ദേഹം മാളില്‍ മുഴുവന്‍ ചുറ്റിനടന്നു. ഏകദേശം അമ്പത് മിനിറ്റിലേറെ ചെലവിച്ച ശൈഖ് മുഹമ്മദ്, ലുലു ഗ്രൂപ്പ് യുഎഇക്ക് നല്കുന്ന സേവനങ്ങളെക്കുറിച്ച് പറഞ്ഞ് അഭിനന്ദനങ്ങള്‍ അര്പിച്ചു. ഉപഭോക്താക്കളുമായി കൈകൊടുത്തും സെല്‍ഫിയെടുത്തും ജീവനക്കാരുമായി സംസാരിച്ചും അദ്ദേഹം സാധാരണക്കാരുമായി ഇടപഴകി. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ സന്ദര്‍ശനമോ വേഗത്തിലുള്ള ഫോട്ടോ അവസരമോ ആയിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി സമയം ചെലവഴിച്ച ഒരു സന്ദര്‍ശനമായിരുന്നു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനായി പ്രത്യേക നിയന്ത്രണങ്ങളൊന്നും മാളില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. പ്രസിഡന്റിനെ അഭിവാദ്യം ചെയ്യാനും ചിലര്‍ കൈകൊടുക്കാനും നന്ദി പറയാനും അനുവാദം ചോദിച്ചു. സാധ്യമായിടത്തെല്ലാം അദ്ദേഹം നില്‍ക്കുകയും കൈകൊടുക്കുകയും ഫോട്ടോ എടുക്കുകയും ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു. ലുലുവിലെ ജീവനക്കാരോട് ‘നിങ്ങള്‍ ഇവിടെ സന്തുഷ്ടരാണോ?’ എന്നും ചോദിക്കുന്നുണ്ടായിരുന്നു. ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ നടന്നപ്പോള്‍ ശൈഖ് മുഹമ്മദ് വിവിധ ഉല്‍പ്പന്നങ്ങളെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചും ചോദിച്ചു. പ്രത്യേകിച്ച് യുഎഇയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. ലുലുവിലെ ജീവനക്കാരെ ഓരോരുത്തരെയും പരിചയപ്പെടുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി എല്ലാവരെയും പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. യുഎഇ സമൂഹത്തിന് സേവനം നല്കുന്നതില് ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ശ്രദ്ധേയമായ വിവിധ സംരംഭങ്ങളെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വ്യക്തിപരമായി അഭിനന്ദിച്ചു. സന്ദര്‍ശനം അവസാനിക്കുമ്പോള്‍ ലുലു ഉദ്യോഗസ്ഥരും ഉപഭോക്താക്കളും പ്രസിഡന്റിനൊപ്പം ഫോട്ടോ എടുക്കാന്‍ ഒത്തുകൂടിയത് അപൂര്‍വ നിമിഷമായി.