ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

മലപ്പുറം: നിര്‍ണായകമായൊരു കാലഘട്ടത്തിന്റെ പൂര്‍ത്തീകരണമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം. നിലവിലെ കമ്മിറ്റിയുടെ കര്‍മപഥത്തിലെ അവസാനത്തെ പരിപാടിയായാണ് സമ്മേളനം നടന്നത്. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിന് മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം വൈറ്റ്ഗാര്‍ഡ് സംഗമത്തോടെയാണ് പൂര്‍ത്തിയായത്. നാടിന്റെ പ്രശ്നങ്ങള്‍ക്ക് ത്യാഗനിര്‍ഭരമായി, കര്‍മോത്സുകതയോടെ ഓടി നടന്നവര്‍ക്കുള്ള അംഗീകാരമായി വൈറ്റ് ഗാര്‍ഡ് സംഗമം. ന്യൂനപക്ഷ സംഘാടനത്തിനായി വീഥികളിലെ പൊടിപടലങ്ങളില്‍ മുങ്ങിയ, തിരക്കിനെതിരെ മതിലായ ഇളംപച്ചക്കുപ്പായക്കാര് വേദിക്ക് മുന്പില് ഇരിപ്പുറച്ചു. അച്ചടക്കത്തോടെ നേതാക്കളുടെയും പ്രഭാഷകരുടെയും കേള്‍വിക്കാരായി. വൈറ്റ് ഗാര്‍ഡിന്റെ നിസ്വാര്‍ത്ഥരായ വളണ്ടിയര്‍മാരായ മുജീബ് മാസ്റ്റര്‍, സിറാജ് പറമ്പില്‍, അബ്ബാസ് തൂളിയത്ത് എന്നിവരെ സംഗമത്തില്‍ ആദരിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ബാവ വിസപ്പടി അധ്യക്ഷനായി. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി ഇബ്രാഹീം എംഎല്‍എ, കുറുക്കോളി മൊയ്തീന് എംഎല്‍എ, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, നൗഷാദ് മണ്ണിശ്ശേരി, വി.കെ.എം ഷാഫി, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ഡോ. അബ്ദുല്‍ റഹൂഫ് വരിക്കോടന്‍, സിറാജ് പറമ്പില്‍ പ്രസംഗിച്ചു. ഗുലാം ഹസന് ആലങ്കീര് സ്വാഗതവും സി.എച്ച് അബ്ബാസ് നന്ദിയും പറഞ്ഞു. അബ്ദു സലാം യമാനി ഖുര്‍ആന്‍ പാരായണം ചെയ്തു.
സന്നദ്ധ സേവകന് മികച്ച രാഷ്ട്രീയക്കാരനുമാവണം: പി.കെ ഫിറോസ്
മലപ്പുറം: നല്ല സന്നദ്ധ സേവകനാവുന്നതിനോടൊപ്പം മികച്ച രാഷ്ട്രീയക്കാരനുമാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എംഎല്‍എ. യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈറ്റ് ഗാര്‍ഡ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോകവും ലോകത്ത് പ്രയാസങ്ങളും നിലനില്‍ക്കുന്നിടത്തോളം വൈറ്റ് ഗാര്‍ഡും നിലനില്‍ക്കണം. രാഷ്ട്രീയം മാറ്റിനിര്‍ത്തിയൊരു ജീവിതം ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. അനീതിയോട് പ്രതികരിക്കുന്നവരാവണം യൂത്ത് ലീഗുകാര്‍. സമുദായത്തിന് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്ന ഘട്ടത്തിലാണ് മുസ്ലിം ലീഗ് രൂപീകരിക്കുന്നത്. വര്‍ത്തമാനകാലത്ത് ഇസ്ലാമിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യ പ്രതിരോധം തീര്‍ക്കാനാവണം. കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്ത് വെറുപ്പിനെതിരെ നടപടിയെടുക്കുന്ന സര്‍ക്കാര്‍ കേരളത്തിനുണ്ടായിരുന്നില്ല. നിരന്തരം വര്‍ഗീയത പറഞ്ഞിരുന്ന കടല്ക്കിഴവന്മാര്ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടികളെടുത്തു. സമുദായത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകരാകണമെന്നും ഉത്തരവാദിത്തപൂര്ത്തീകരണത്തിനായി രംഗത്തിറങ്ങണമെന്നും എം.എല്‍.എ പറഞ്ഞു.
പുതിയ ജില്ലകള്‍ രൂപീകരിക്കണം: യൂത്ത് ലീഗ് പ്രമേയം
മലപ്പുറം: സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിന്റെ സമഗ്രമായ വികസനം, വിഭവങ്ങളുടെയും സേവനങ്ങളുടെയും സന്തുലിതവും നീതിപൂര്‍ണവുമായ വിതരണം, മെച്ചപ്പെട്ട ജീവിത നിലവാരം, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പുതിയ ജില്ലകള്‍ രൂപീകരിക്കപ്പെടണം. ജനസംഖ്യ, വിസ്തൃതി, വികസന മുന്‍ഗണനകള്‍, പ്രാദേശിക സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനഃസംഘാടനം അനിവാര്യമാണ്. ജില്ലാ പുനഃസംഘടന സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ക്ക് നേതൃത്വം നല്കാന് ഉന്നതാധികാരമുള്ള സമിതിയെയോ കമ്മീഷനെയോ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പുതിയ ജില്ലാ രൂപീകരണം എന്ന ജനാഭിലാഷം നിറവേറ്റാനുള്ള നിയമപരമായ നടപടികള്‍ സമാരംഭിക്കാനും അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാനുമുള്ള നടപടികള്‍ക്ക് യുഡിഎഫ് നേതൃത്വം നല്കുന്ന ജനകീയ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റിന് ഗുലാം ഹസന് ആലംഗീര്‍ പ്രമേയം അവതരിപ്പിച്ചു. ഐ.പി.എ ജലീല്‍ അനുവാദകനായി.