സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: വേനല്‍ക്കാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബൈ എയര്‍പോര്‍ട്ടുകളില്‍ വിപുലമായ ഒരുക്കങ്ങള്‍. യാത്രാനുഭവം മെച്ചപ്പെടുത്താന്‍ ഏഴ് സെക്കന്‍ഡ് ബാഗേജ് സ്ക്രീനിംഗും സ്മാര്‍ട്ട് സംവിധാനങ്ങളും സജ്ജം. ജൂലൈ ആദ്യ പകുതിയില്‍ മാത്രം ഏകദേശം മൂന്ന് മില്യണ്‍ (30 ലക്ഷം) യാത്രക്കാര്‍ ദുബൈ വിമാനത്താവളങ്ങള്‍ വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും വേഗതയേറിയതും സുരക്ഷിതവുമായ യാത്രാനുഭവം നല്കാനുമായി ഒരു സംയോജിത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഇത് നടപ്പിലാക്കുന്നത്. യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ വിപുലമായ സാങ്കേതികവിദ്യ ഉപയോഗിക്കും. വിമാനത്താവളങ്ങളിലെ വിവിധ ഹാളുകളിലും ടെര്‍മിനലുകളിലുമായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിംഗ് സിസ്റ്റങ്ങളും 77 ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്സ്പെക്ഷന് സിസ്റ്റങ്ങളും ദുബൈ കസ്റ്റംസ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അറൈവല്‍ ഹാളുകളിലെ മാനുവല്‍ ഇന്സ്പെക്ഷന് ഏരിയയില്‍ ബാഗേജ് സ്ക്രീനിംഗ് സമയം ഗണ്യമായി കുറച്ചു. ബാഗുകള്‍ ഇപ്പോള്‍ വെറും ഏഴ് സെക്കന്‍ഡിനുള്ളില്‍ സ്ക്രീനിംഗ് ഉപകരണങ്ങളിലൂടെ കടന്നുപോകുന്നു. ഇത് കൃത്യതയും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്രക്കാരുടെ ഒഴുക്ക് വേഗത്തിലാക്കാനും സഹായിക്കുന്നു.
യുഎഇയിലേക്ക് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങള്‍
യുഎഇയിലേക്ക് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെക്കുറിച്ചും കസ്റ്റംസ് ഇളവുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ഗൈഡ് ബുക്ക്ലെറ്റ് ദുബൈ കസ്റ്റംസ് യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന, 3,000 ദിര്‍ഹം വരെ വിലയുള്ള സമ്മാനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി നല്‍കേണ്ടതില്ലെന്ന് ഗൈഡില്‍ വ്യക്തമാക്കുന്നു. അനുവദനീയമായ പരിധി കവിയുന്ന സാധനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ബാധകമായിരിക്കും.
കൂടാതെ, വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്കായി ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനലുകളായ 1, 2, 3 എന്നിവയില്‍ വളര്‍ത്തുമൃഗങ്ങളെ പരിശോധിക്കുന്നതിനുള്ള പ്രത്യേക മുറികള്‍ വികസിപ്പിക്കുന്നുണ്ട്. മൃഗസംരക്ഷണ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും.
വേനല്‍ക്കാല യാത്രാ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി ദുബായ് കസ്റ്റംസിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് അഹമ്മദ് സ്ഥിരീകരിച്ചു. അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ വിന്യസിച്ചും ഫീല്‍ഡ് ടീമുകളുടെ ശേഷി ശക്തിപ്പെടുത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മാനുവല്‍ ഇന്സ്പെക്ഷന് ഏരിയയില്‍ ഏഴ് സെക്കന്‍ഡിനുള്ളില്‍ ബാഗേജ് സ്ക്രീനിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് ആധുനിക സംവിധാനങ്ങളുടെ കാര്യക്ഷമത കാരണമാണെന്ന് ഖാലിദ് അഹമ്മദ് വിശദീകരിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത് സുരക്ഷയെ ബാധിക്കില്ലെന്നും, ഇത് യാത്രക്കാര്‍ക്ക് വേഗതയേറിയതും സുഗമവുമായ അനുഭവം നല്‍കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.