യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ദുബൈ: കൊലപാതകങ്ങളെ ആത്മഹത്യയായും അപകടങ്ങളായും ചിത്രീകരിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച പ്രതികളെ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ കുടുക്കിയ സംഭവങ്ങള്‍ വെളിപ്പെടുത്തി ദുബൈ പൊലീസ്. ഷവര്‍ കര്ട്ടന് തൂക്കിയിരുന്ന റെയിലിന്റെ ബലപരിശോധനയിലൂടെയും കത്തിയ വാഹനത്തിനടിയില്‍നിന്ന് കണ്ടെത്തിയ പെട്രോളിയം ഉല്പന്നങ്ങളുടെ അവശിഷ്ടങ്ങളിലൂടെയുമാണ് രണ്ട് വ്യത്യസ്ത കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. മറ്റൊരു കേസില്‍, ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയോട്ടിയില്‍നിന്ന് മുഖത്തിന്റെ രൂപം പുനര്‍നിര്‍മിച്ചാണ് ഇരയെയും കൊലയാളിയെയും തിരിച്ചറിഞ്ഞത്.
ദുബൈ പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലെ ഫോറന്‍സിക് എന്‍ജിനീയറിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ ഖാസിം ദുബൈ പൊലീസ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ഏഷ്യന്‍ വംശജനായ ഒരാളെ വില്ലയ്ക്കുള്ളില്‍ ഷവര്‍ കര്ട്ടന് തൂക്കിയിരുന്ന റെയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു ഒരു കേസ്. പ്രാഥമികമായി ആത്മഹത്യയെന്ന് തോന്നിച്ചെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ സംശയകരമായ കാര്യങ്ങള്‍ കണ്ടെത്തി. സംഭവസ്ഥലത്തെ സാഹചര്യം പുനര്‍നിര്‍മിച്ച വിദഗ്ധര്‍, മൃതദേഹം തൂക്കാന്‍ ഉപയോഗിച്ച റെയിലും ബെല്‍റ്റും എത്രത്തോളം ഭാരം താങ്ങുമെന്ന് പരിശോധിച്ചു. നിശ്ചിത ഭാരങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഏകദേശം 90 കിലോഗ്രാം ഭാരം നല്കിയപ്പോള് റെയില്‍ തകരുന്നതായും ബെല്‍റ്റിന് ഏകദേശം 70 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി. മൃതദേഹം കണ്ടെത്തിയ സാഹചര്യവുമായി ഈ കണ്ടെത്തലുകള്‍ പൊരുത്തപ്പെട്ടില്ല. ഇതോടെ ആത്മഹത്യയെന്ന നിഗമനം തള്ളുകയും കൊലപാതകം മറച്ചുവെക്കാന്‍ സംഭവസ്ഥലം മനഃപൂര്‍വം ഒരുക്കിയതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
മറ്റൊരു കേസില്‍, ഒരു സ്ത്രീയും കാമുകനും ചേര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവും വാഹനവും വ്യവസായ മേഖലയ്ക്കു സമീപം കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാഹനത്തിനടിയില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന, രാസപരിശോധന, സൂക്ഷ്മ അവശിഷ്ടങ്ങളുടെ വിശകലനം എന്നിവ നടത്തി.
മരുഭൂമിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഉടമയെ തിരിച്ചറിയാന്‍ ദുബൈ പൊലീസ് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ മറ്റൊരു സംഭവവും അല്‍ ഖാസിം വിവരിച്ചു. മൃതശരീരത്തിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം ജീര്‍ണിച്ചിരുന്നതിനാല്‍ സാധാരണ തിരിച്ചറിയല്‍ രീതികള്‍ ഫലിച്ചില്ല. തുടര്‍ന്ന് 3ഡി സ്കാനിങ്, ജീനോമിക്സ്, ഡിഎന്‍എ പരിശോധന, ചിത്രവീഡിയോ വിശകലനം, ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകള്‍ എന്നിവ സംയോജിപ്പിച്ചാണ് തലയോട്ടിയില്‍നിന്ന് മുഖത്തിന്റെ ഏകദേശ രൂപം പുനര്‍നിര്‍മിച്ചത്. ശാസ്ത്രീയ പരിശോധനയിലൂടെ ഇരയുടെ ലിംഗം, പ്രായവിഭാഗം, സാധ്യതയുള്ള ദേശീയത എന്നിവയും നിര്‍ണയിക്കാന്‍ സാധിച്ചു. പുനര്‍നിര്‍മിച്ച മുഖചിത്രം ബന്ധപ്പെട്ട കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് കൈമാറി. ഇതിന്റെ സഹായത്തോടെ അന്വേഷണം കൂടുതല്‍ കേന്ദ്രീകരിക്കാനും ഇരയെ തിരിച്ചറിയാനും ഒടുവില്‍ കൊലയാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. കെട്ടിടങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, വൈദ്യുതയന്ത്ര സംവിധാനങ്ങള്‍, തീപിടിത്തങ്ങള്‍, കെട്ടിടങ്ങളുടെ തകര്‍ച്ച, ഉയരത്തില്‍നിന്നുള്ള വീഴ്ചകള്‍, വാഹനാപകടങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിന് ഫോറന്‍സിക് എന്‍ജിനീയറിങ് വിഭാഗത്തിന് 23 അംഗീകൃത പരിശോധനാ പ്രോട്ടോക്കോളുകളുണ്ടെന്ന് അല്‍ ഖാസിം പറഞ്ഞു.