യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ദുബൈ: ഡല്‍ഹിയില്‍ 20 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ യുഎഇയിലേക്ക് കടന്ന മലയാളിയായ ജ്വല്ലറി മുന്‍ മാനേജരെ നാടുകടത്തി. സജീര്‍ പള്ളി മൂപ്പത്തിനെയാണ് (38) ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഡല്‍ഹി പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പീഡനക്കേസിലെ പ്രതിയെ വിദേശരാജ്യത്തു നിന്ന് നാടുകടത്തല്‍ വഴി തിരിച്ചെത്തിക്കുന്നത്. സിബിഐ, ഇന്റര്‍പോള്‍, ഭാരത്പോള്‍ എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെയാണ് പ്രതിയെ ഡല്‍ഹിയില്‍ എത്തിച്ചത്.
2025 ഒക്ടോബര്‍ ഒന്നിന് പശ്ചിമ ഡല്‍ഹിയിലെ പഞ്ചാബി ബാഗിലുള്ള ലൗഞ്ചില്‍ നടന്ന ഒരു ജന്മദിനാഘോഷ ചടങ്ങിലാണ് സംഭവം. പരാതിക്കാരിയായ യുവതിക്ക് ലഹരിമരുന്നും മദ്യവും നല്കി ബോധരഹിതയാക്കിയ ശേഷം കരോള്‍ ബാഗിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ പീഡിപ്പിച്ചു എന്നാണ് കേസ്. തുടര്‍ന്ന് 2026 ജനുവരി അഞ്ചിന് ഇയാള്‍ യുഎഇയിലേക്ക് കടക്കുകയായിരുന്നു.
ഫെബ്രുവരി 18നാണ് യുവതി ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ നാടായ കേരളത്തില്‍ പോലീസ് ആദ്യഘട്ട അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തി. തുടര്‍ന്ന് ദുബൈയിലെ പ്ലംബിങ് കടയില്‍ ഇയാള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.
വിദേശ ഏജന്‍സികളുമായി സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാന്‍ സിബിഐ വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ഭാരത്പോള്‍’ വഴിയാണ് അന്വേഷണസംഘം നടപടികള്‍ വേഗത്തിലാക്കിയത്. അബുദാബിയിലെ ബന്ധപ്പെട്ട അധികാരികള്‍ ഒക്ടോബര്‍ ഒന്‍പതിന് നാടുകടത്തല്‍ അപേക്ഷ അംഗീകരിക്കുകയായിരുന്നു.