മോജ് പെര്‍ഫ്യൂംസ് 25ാമത് ഔട്ട്ലെറ്റ് യു.ഡബ്ല്യു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകന് കോഴിക്കോട് അബൂബക്കറിന്റെ സംഗീത ജീവിതവും സംഭാവനകളും പ്രമേയമാക്കി ഒരുക്കിയ ‘ഈണങ്ങളുടെ സുല്‍ത്താന്‍ അബൂക്ക’ എന്ന മാപ്പിളപ്പാട്ട് ദുബൈയില്‍ ലോഞ്ച് ചെയ്തു. എഴുത്തുകാരനും ഗാനരചയിതാവുമായ നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട് രചിച്ച ഗാനം സംരംഭകന് ഷംസുദ്ദീന് നെല്ലറയാണ് ലോഞ്ച് ചെയ്തത്. ജബ്ബാര്‍ പെര്‍ള ആലപിച്ച ഗാനത്തിന്റെ സംവിധാനം ഫിറോസ് കാട്ടൂര്‍ നിര്‍വഹിച്ചു. ദുബൈ എം.എല്‍.ജി മീഡിയയാണ് നിര്‍മ്മാണം. കഴിഞ്ഞ മാസം വിടപറഞ്ഞ കോഴിക്കോട് അബൂബക്കറിന്റെ സംഗീതജീവിതത്തെയും മാപ്പിളപ്പാട്ട് ലോകത്തിന് അദ്ദേഹം നല്കിയ വിലമതിക്കാനാകാത്ത സംഭാവനകളെയും ഓര്‍മപ്പെടുത്തുന്നതാണ് ഗാനം.
‘മാപ്പിളപ്പാട്ടിന്റെ പൂമുഖമാകെ മൂകതയായി, ഖല്ബില് ആയിരമായിരം ഈണം പേറിയ സുല്‍ത്താന്‍ പോയി’ എന്ന ഹൃദയസ്പര്‍ശിയായ വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. ഒരു കാലഘട്ടത്തിലെ മാപ്പിളപ്പാട്ടിന്റെ ഈണങ്ങളോടൊപ്പം സഞ്ചരിച്ച കോഴിക്കോട് അബൂബക്കറിന്റെ സംഗീതജീവിതവും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയും വരികളിലൂടെ ഓര്‍മപ്പെടുത്തുന്നു. ദുബൈയില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ ഷംസുദ്ദീന് നെല്ലറ, കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് ബഷീര്‍ ബെല്ലോയ്ക്ക് ഗാനത്തിന്റെ പോസ്റ്റര്‍ കൈമാറി. ഗാനരചയിതാവ് നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട്, മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഒ.ബി.എം. ഷാജി, വൈസ് പ്രസിഡന്റ് തസ്നീം അഹ്മദ് എളേറ്റില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി മിസ്ഹബ്, റിയാദ് ഹിക്മ, ജലീല്‍ വാളക്കുളം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സാധാരണക്കാരന്റെ ലാളിത്യത്തോടെ ജീവിച്ചിരുന്ന കോഴിക്കോട് അബൂബക്കര്‍ മാപ്പിളപ്പാട്ട് രംഗത്ത് തന്റേതായ സംഗീതമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് കെ.ജെ യേശുദാസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഗായകര്‍ക്കായി ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന നിരവധി ഗാനങ്ങള്‍ ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചുനില്ക്കുന്നു.
മാപ്പിളപ്പാട്ടിന്റെ സമ്പന്നമായ പാരമ്പര്യത്തിനും അതിന്റെ സംഗീതശാഖക്കും നിരവധി സംഭാവനകള്‍ നല്കിയ കോഴിക്കോട് അബൂബക്കറിന്റെ സംഗീതസ്മരണകളും സംഭാവനകളും പുതിയ തലമുറയിലേക്കുകൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഈണങ്ങളുടെ സുല്‍ത്താന്‍ അബൂക്ക’ ഒരുക്കിയിരിക്കുന്നത്.