സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അപകടത്തില്‍ മരണമടഞ്ഞ തെലങ്കാന, ഉത്തര്‍പ്രദേശ് സ്വദേശികളുടെ വീടുകളില്‍ വിപിഎസ് ഹെല്‍ത്ത് പ്രതിനിധികള്‍ നേരിട്ടെത്തി ധനസഹായം കൈമാറി
ദുബൈ/ന്യൂഡല്‍ഹി: ദുബായിലെ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ജീവന് നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് താങ്ങായി പ്രമുഖ മലയാളി സംരംഭകന് ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച അടിയന്തര സഹായം ദുരന്തബാധിതരുടെ വീടുകളിലെത്തി. അപകടത്തില്‍ ജീവന് പൊലിഞ്ഞ ആറ് ഇന്ത്യന്‍ സ്വദേശികളുടെയും ഒരു ശ്രീലങ്കന്‍ പൗരന്റെയും കുടുംബങ്ങളെ ഡോ. ഷംഷീറിന്റെ ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ നേരില്‍ സന്ദര്‍ശിച്ചാണ് ധനസഹായം കൈമാറിയത്. ദുരന്തത്തില്‍ ഇരയായവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ സഹായ പാക്കേജിന്റെ ഭാഗമായാണ് പ്രതിനിധി സംഘം വീടുകളില്‍ നേരിട്ടത്തി സഹായം കൈമാറിയത്. അപകടത്തില്‍ മരിച്ച ഏഴ് തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതമാണ് കൈമാറുന്നത്. ഇതിന് പുറമെ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള സഹായവും ലഭ്യമാക്കും. ദുരന്തത്തിനിരയായ ഇന്ത്യന്‍ തൊഴിലാളികളുടെ ജന്മനാടായ തെലങ്കാനയിലെയും ഉത്തര്‍പ്രദേശിലെയും ഗ്രാമങ്ങളിലാണ് വിപിഎസ് ഹെല്‍ത്ത് പ്രതിനിധി സംഘം ആദ്യഘട്ടത്തില്‍ സന്ദര്‍ശനം നടത്തിയത്. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ നിന്നുള്ള സലീം സയ്യിദ് ഹുസൈന് (51), തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യ (23), നിര്‍മല്‍ ജില്ലയില്‍ നിന്നുള്ള അബ്ദുല്‍ റഫീഖ് അബ്ദുല്‍ റഹീം (37) എന്നിവരുടെ കുടുംബങ്ങളെ സംഘം നേരില്‍ കണ്ടു. വെറും രണ്ടര മാസം മുന്‍പ് മാത്രം യുഎഇയിലെത്തിയ സലീമിന്റെ വിയോഗം ആ കുടുംബത്തെ പൂര്‍ണ്ണമായി തളര്‍ത്തിയിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ള മകനടക്കം മക്കളുടെ പഠനവും മൂത്ത മകളുടെ വിവാഹാലോചനകളും വഴിമുട്ടിയ അവസ്ഥയിലാണ്.
ആദ്യമായി യുഎഇയിലെത്തി ഏഴുമാസം മാത്രം പിന്നിട്ടപ്പോഴാണ് ചന്ദ്രയ്യയെ മരണം കവര്‍ന്നത്. അബ്ദുല്‍ റഫീഖിന്റെ കുടുംബത്തിന് ഈ വേര്‍പാട് വലിയ പ്രഹരമാണ് നല്‍കിയത്. 2015ല്‍ തെലങ്കാനയിലുണ്ടായ മറ്റൊരു റോഡപകടത്തില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട അബ്ദുല്‍ റഫീഖിന്റെ പിതാവിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഉത്തര്‍പ്രദേശില്‍ മൗ ജില്ലയില്‍ നിന്നുള്ള അബ്ദുല്‍ റഷീദ് സക്കീര്‍ ഹുസൈന് (38), മര്‍ക്കണ്ഡേയ ചൗഹാന് ഭജ്ജന്‍ ചൗഹാന് (39), ബിജ്നോര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് സാഖിബ് ലിയാഖത്ത് അലി (31) എന്നിവരുടെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. മാവു സ്വദേശിയായ മര്‍ക്കണ്ഡേയ ചൗഹാന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെ ഡോ. ഷംഷീര്‍ വീഡിയോ കോളില്‍ കുടുംബവുമായി സംസാരിച്ചു. മര്‍ക്കണ്ഡേയ ചൗഹാന്റെ മകള്‍ അങ്കിത ബിഎസ്സി നഴ്സിംഗ് പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍, അങ്കിതയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് വിപിഎസ് ഹെല്‍ത്ത് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ ഉറപ്പുനല്‍കി. പഠനം പൂര്‍ത്തിയാക്കിയ ശേഷം യുഎഇയിലേക്ക് കൊണ്ട് വരുന്നതിനുള്ള സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമാസം മുന്‍പ് വിദേശത്തേക്ക് ജോലി തേടി പോയ അബ്ദുല്‍ റഷീദിന്റെ മരണവും, അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിനായി ആദ്യമായി യുഎഇയിലെത്തിയ ബിജ്നോര്‍ സ്വദേശി മുഹമ്മദ് സാഖിബിന്റെ വേര്‍പാടും കുടുംബങ്ങളെ കടുത്ത പ്രയാസത്തിലേക്കാണ് തള്ളിവിട്ടത്.
ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പുറമെ, അപകടത്തില്‍ മരിച്ച ശ്രീലങ്കന്‍ പൗരനായ സാമുവല്‍ രംഗസാമിയുടെ (34) കൊളംബോയിലുള്ള കുടുംബത്തെയും ഡോ. ഷംഷീറിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ച് ധനസഹായം കൈമാറി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാമുവലിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് ഭാര്യ രാജരത്നരാജ ജീവറാണിയും മകളും. അപകടത്തില്‍ പരിക്കേറ്റ മലയാളി ഉള്‍പ്പെടുന്ന ഒമ്പത് പ്രവാസികള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കി. പരിക്കിന്റെ തീവ്രതയും ചികിത്സാ ആവശ്യങ്ങളും കണക്കിലെടുത്ത് തൊഴിലുടമയുമായി സഹകരിച്ചാണ് സാമ്പത്തിക സഹായം നല്‍കിയത്. പരിക്കേറ്റവരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നുപേരും, രാജസ്ഥാനില്‍ നിന്നുള്ള രണ്ടുപേരും, കേരളം, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉള്‍പ്പടെ എട്ട് ഇന്ത്യാക്കാരാണുള്ളത്. ഒരാള്‍ നേപ്പാള്‍ സ്വദേശിയാണ്. ഇവരില്‍ നാലുപേര്‍ക്ക് യുഎഇയിലാണ് സഹായംകൈമാറിയത്.