അങ്ങനെ ഇപി ജയരാജന് പുറത്തായി. മുന്നണിയെ ഏകോപിപ്പിക്കുന്നതില്‍ സഖാവിന് പരിമിതിയുണ്ടായെന്ന ന്യായം പറഞ്ഞാണ് ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാല്‍ സിപിഎം അടുത്ത കാലത്ത് ഉണ്ടാക്കിയെടുത്ത ബിജെപി-ആര്‍എസ്എസ് അന്തര്‍ധാരയുടെ ആദ്യത്തെ ഇരയായി മാറിയിരിക്കുകയാണ് ജയരാജന്. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമാണ് ബിജെപിയുമായുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റ് ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയത്. ആര്‍എസ്എസ് ബന്ധമുള്ള മിസ്റ്റര്‍ എമ്മുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയും ഇതിന്റെ ഭാഗമായിരുന്നു. ലാവ്ലിന് കേസ് ഇല്ലാതാക്കുക, താല്കാലികമായി കേരള ഭരണം നിലനിര്‍ത്തുക തുടങ്ങിയ സങ്കുചിതമായ അധികാര അജണ്ട മാത്രമായിരുന്നു പിണറായി നേതൃത്വം നല്കുന്ന സിപിഎം ഫ്രാക്ഷന് ലക്ഷ്യമാക്കിയിരുന്നത്. സിപിഎമ്മിന്റെ ഈ രഹസ്യനയമാറ്റം ബിജെപിക്കും ഗുണം ചെയ്തു. കേരളത്തില്‍ പാര്‍ട്ടി വളര്‍ത്താനുള്ള മികച്ച അവസരമായി ബിജെപിയും കണക്കാക്കി. പിണറായി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പില്‍ ബിജെപിക്ക് ശക്തമായ സ്വാധീനം ലഭിച്ചു. പൊലീസിലുണ്ടായ മാറ്റവും ബിജെപി-ആര്‍എസ്എസ് കേസുകള്‍ക്കെതിരെ പോലീസ് സ്വീകരിച്ച നിലപാടും വ്യക്തമായി പരിശോധിച്ചാല്‍ ഈ അന്തര്‍ധാര മനസ്സിലാക്കാന്‍ കഴിയും. രണ്ടാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെയും ആവശ്യമായി മാറി. കേരള ഭരണത്തില്‍ മുസ്്ലിം പ്രാതിനിധ്യം കുറക്കുകയായിരുന്നു ബിജെപി ലക്ഷ്യമാക്കിയത്.
തുടക്കമെന്നോണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സിപിഎം സോളാര്‍ കേസ് കെട്ടിച്ചമച്ചത് ഇതിന്റെ ഭാഗമായാണ്. തുടര്‍ന്ന് യുഡിഎഫിനെതിരെ വര്‍ഗീയത ചാര്‍ത്തി നല്കിയതും യുഡിഎഫ് ഭരണം ഒരു മുസ്്ലിംപക്ഷ ഭരണമാണെന്നും കേരളത്തില്‍ പ്രചരിപ്പിച്ചത് ആര്‍എസ്എസോ ബിജെപിയോ അല്ല, സിപിഎമ്മായിരുന്നു. ഒരു കാലത്ത് സ്ഥിരമായി ജമാഅത്തെ ഇസ്്ലാമി, എസ്ഡിപിഐ വോട്ടുകള്‍ വാങ്ങിയിരുന്ന സിപിഎം, പിന്നീട് ചുവടുമാറ്റി ഇവരെയെല്ലാം യുഡിഎഫിന്റെ ആലയില്‍ കെട്ടി. ഏറ്റവുമൊടുവില്‍ വടകരയില്‍ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ക്രിയേറ്റ് ചെയ്ത് ഹിന്ദു-മുസ്്ലിം ധ്രുവീകരണം സൃഷ്ടിക്കാന്‍ സിപിഎം നടത്തിയ ശ്രമവും ഹിന്ദുഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയായിരുന്നു. സിപിഎമ്മിന്റെ ഈ നെറികെട്ട രാഷ്ട്രീയം ഏറെ ഗുണം ചെയ്തത് ബിജെപിക്കായിരുന്നു. സത്യത്തില്‍ സിപിഎം ഉണ്ടാക്കിയെടുത്ത ബിജെപി അഡ്ജസ്റ്റ്മെന്റെിന്റെ ഏറ്റവും പുതിയ ഏജന്റായിരുന്നു ഇ.പി ജയരാജന്. ബിജെപി നേതാവ് പ്രകാശ് ജാവേഡ്കറുമായി പരസ്യമായി കൂടിക്കാഴ്ച നടത്തിയത് ജയരാജന്റെ ഒറ്റക്കുള്ള തീരുമാനത്തിന്റെ ഭാഗമാവാന്‍ സാധ്യതയില്ല. പക്ഷെ ഈ ബന്ധം ജയരാജന് ഒരുമുഴം നീട്ടിയെറിഞ്ഞു. ബിജെപി നേതാക്കളുമായി വ്യാപാര ഇടപാടുവരെ തുടങ്ങി. കേരളത്തില്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ബിജെപി ബാന്ധവം മുറുകി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇ.പി ജയരാജന്റെ ഏറ്റുപറച്ചില്‍ കൂടിയായതോടെ സിപിഎം താല്കാലികമായി വെട്ടിലായി. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഒഴിവാക്കാനും ഇടതുമുന്നണിയില്‍ പൊട്ടിത്തെറി തടയാനും താല്കാലികമായി മുഖം മിനുക്കാനുമുള്ള നടപടിയാണ് ഇ.പി ജയരാജന്റെ സ്ഥാനമാറ്റത്തിലൂടെ സിപിഎം നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ഈ വലതുപക്ഷ ഫാസിസ്റ്റ് നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം നേതാക്കള്‍ കടുത്ത മൗനത്തിലുമാണ്.