സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കരിപ്പൂര്‍-ജിദ്ദ ടിക്കറ്റിന് 15,000 രൂപ വരെ അധികഭാരം
കരിപ്പൂര്‍: വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇത്തവണ ഉംറ തീര്‍ഥാടകര്‍ക്കു തിരിച്ചടിയാകുന്നു. ഇതോടെ ഉംറ പാക്കേജുകളുടെ നിരക്കിലും വര്‍ധനയുണ്ടായതായി യാത്രാസംഘാടകര് അറിയിച്ചു. കോഴിക്കോട്-ജിദ്ദ നേരിട്ടുള്ള സര്‍വീസില്‍ മുമ്പ് 38,000 മുതല്‍ 40,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 53,500 മുതല്‍ 55,000 രൂപ വരെയായി ഉയര്‍ന്നു. ശരാശരി 15,000 രൂപയുടെ വര്‍ധനയാണ് ടിക്കറ്റിന് മാത്രം ഉണ്ടായിരിക്കുന്നത്. റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും സഊദിയിലെ താമസം, ഭക്ഷണം, ആഭ്യന്തര യാത്രകള്‍ എന്നിവയുടെ ചെലവ് ഉയരാന്‍ കാരണമായിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസും സഊദി എയര്‍ലൈന്‍സുമാണ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള കണക്ഷന് സര്‍വീസുകള്‍ ലഭ്യമാണെങ്കിലും ഭൂരിഭാഗം തീര്‍ഥാടകരും തെരഞ്ഞെടുക്കുന്നത് കരിപ്പൂരില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങളെയാണ്. വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ടിക്കറ്റ് നിരക്ക് കുറക്കാനും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ഹജ് ഉംറ ഗ്രൂപ്പ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം. എ അബ്ദുല്‍ ഖാദര്‍ അറിയിച്ചു.