വയനാട് മുട്ടില്‍ ഓര്‍ഫനേജിന് ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കും: ഡോ. റാഷിദ് ഗസ്സാലി

ദുബൈ: ഫ്ളൈ ദുബൈ വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം. തബൂക്കിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെപ്റ്റംബര്‍ 30നായിരുന്നു ‘ഫ്ളൈ ദുബൈ എഫ്സെഡ്1073’ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
വിമാനത്തില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ വേഗത്തില്‍ ഇടപെടുകയും വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കുകയുമായിരുന്നെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. 174 യാത്രക്കാരും എട്ട് ജീവനക്കാരുമുള്‍പ്പെടെ 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 9.45ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
വിമാനത്തിന്റെ പൈലറ്റും കോപൈലറ്റും (ഫസ്റ്റ് ഓഫീസര്‍) തമ്മിലുണ്ടായ തര്‍ക്കവും കയ്യാങ്കളിയുമാണ് അടിയന്തര ലാന്‍ഡിംഗിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇരുവരുടെയും ശരീരത്തില്‍ പരിക്കുകളുണ്ടെന്നും സൗദി അധികൃതരും യുഎഇ സുരക്ഷാ സംഘവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വിമാനമിറങ്ങിയ ഉടന്‍ തന്നെ പരിക്കേറ്റ പൈലറ്റിനെയും കോപൈലറ്റിനെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലെ യാത്രക്കാരെ വൈകുന്നേരം 5.40ന് മറ്റൊരു ഫ്ളൈ ദുബൈ വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു. കാബിന് ക്രൂ അംഗങ്ങളെ പ്രത്യേക വിമാനത്തില്‍ ദുബൈയിലേക്ക് മടക്കിയയച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൈലറ്റും കോപൈലറ്റും ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ യുഎഇ സുരക്ഷാ സംഘത്തോടൊപ്പം അബുദാബിയിലേക്ക് മടങ്ങി.
അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക പരിഗണനകളും മുന്‍നിര്‍ത്തിയാണ് തങ്ങള്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമയാന മേഖലയുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സൗദിയുടെ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ യുഎഇയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.