സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈയില്‍ സമാപിച്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, യുഎഇ സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മരിയുമൊപ്പം. കേരള ടൂറിസം സെക്രട്ടറി കെ ബിജു ഐഎഎസ് സമീപം
ദുബൈ: കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ പ്രധാന വിപണികളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രാധാന്യം അതിവേഗം വര്‍ധിക്കുന്നതായി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്. ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നിവ കേരളത്തിന്റെ പ്രധാന വിദേശ ടൂറിസം വിപണികളായി മാറുകയാണെന്നും ഗള്‍ഫ് വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ ആറ് ജിസിസി രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1.36 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ കേരളത്തിലെത്തി. 2024ല്‍ ഇത് ഏകദേശം 1.08 ലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനിടെ 26 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാനാണ് ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്. 2025ല്‍ 65,132 ഒമാന്‍ സ്വദേശികള്‍ കേരളത്തിലെത്തി. 2024ലെ 38,387ല്‍ നിന്ന് 69.7 ശതമാനമാണ് വര്‍ധന. സൗദി അറേബ്യയില്‍നിന്ന് 31,593 പേരും യുഎഇയില്‍നിന്ന് 26,255 പേരും കേരളത്തിലെത്തി. ഒമാന്‍, സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ ആറ് ജിസിസി രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നുള്ള സന്ദര്‍ശകരെക്കാള്‍ കൂടുതലാണ്. ദുബൈയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
യുഎസിനും ബ്രിട്ടനും പിന്നാലെ ഒമാന്‍
കേരളത്തിന്റെ വിദേശ ടൂറിസം വിപണികളില്‍ 2025ല്‍ ഒമാന്‍ മൂന്നാം സ്ഥാനത്തെത്തി. യുഎസും ബ്രിട്ടനുമാണ് മുന്നിലുള്ളത്. ജര്‍മനി നാലാമതും ഫ്രാന്‍സ് അഞ്ചാമതുമാണ്. കേരളത്തിലെ മൊത്തം വിദേശ വിനോദസഞ്ചാര സന്ദര്‍ശനങ്ങളില്‍ ഒമാന്റെ വിഹിതം 7.92 ശതമാനമാണ്. ജര്‍മനിയുടെ വിഹിതം 5.98 ശതമാനവും ഫ്രാന്‍സിന്റേത് 5.72 ശതമാനവുമാണ്. സൗദി അറേബ്യയുടെ വിഹിതം 3.84 ശതമാനവും യുഎഇയുടേത് 3.19 ശതമാനവുമാണ്.
‘ഒമാന്‍ ഒരു അപ്രതീക്ഷിത മുന്നേറ്റമാണ്’ എന്നായിരുന്നു മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതികരണം.
ഗള്‍ഫ് വേനലവധിയും കേരളത്തിന്റെ മണ്‍സൂണും
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ കേരളത്തിന്റെ മണ്‍സൂണ്‍ കാലത്തിന് വലിയ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ വിനോദസഞ്ചാര മേഖലയിലെ ‘ഓഫ് സീസണ്’ ആയി കണക്കാക്കിയിരുന്ന മണ്‍സൂണ്‍ ഇപ്പോള്‍ കേരളം ഒരു പ്രത്യേക ടൂറിസം ഉല്പന്നമായി അവതരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗള്‍ഫിലെ കടുത്ത വേനല്‍ക്കാലത്ത് കേരളത്തിലെ പച്ചപ്പ്, തണുത്ത കാലാവസ്ഥ, പ്രകൃതി, ആയുര്‍വേദം, വെല്‍നെസ് തുടങ്ങിയവ കുടുംബ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകുമെന്നാണ് വിലയിരുത്തല്‍. ‘വെല്‍നെസ്, സ്പാ, മസാജ് എന്നിവ എല്ലായിടത്തും ലഭിക്കും. എന്നാല്‍ യഥാര്‍ഥ ആയുര്‍വേദം അനുഭവിക്കണമെങ്കില്‍ കേരളത്തിലെത്തണം,’ മന്ത്രി പറഞ്ഞു. ആയുര്‍വേദ ചികിത്സകരെ ടൂറിസം മേഖലയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും പരിശീലനവും അടിസ്ഥാനസൗകര്യ സഹായവും നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ടൂറിസം ഇപ്പോഴും 2019ന് താഴെ
ഗള്‍ഫ് വിപണിയില്‍ വളര്‍ച്ചയുണ്ടായെങ്കിലും കേരളത്തിലെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോഴും കോവിഡ് മുന്‍കാല നിലവാരത്തിലെത്തിയിട്ടില്ല. 2025ല്‍ 8,21,999 വിദേശ വിനോദസഞ്ചാര സന്ദര്‍ശനങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 2024ലെ 7,38,374നെ അപേക്ഷിച്ച് 11.33 ശതമാനം വര്‍ധനയാണിത്. എന്നാല്‍ 2019ലെ 11.9 ലക്ഷത്തോളം സന്ദര്‍ശനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും 30.91 ശതമാനം കുറവാണ്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം 15-16 ലക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് ദീര്‍ഘകാല ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് വിപണിയില്‍ കൂടുതല്‍ റോഡ്ഷോകള്‍
ജിസിസി രാജ്യങ്ങള്‍ക്കായി പ്രത്യേക സന്ദര്‍ശക ലക്ഷ്യം നിലവില്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും മേഖലയില്‍ വലിയ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഡോഅറബ് കണക്ട് പരിപാടി സംഘടിപ്പിച്ച കേരള ടൂറിസം, ഗള്‍ഫ് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് വിപണികളില്‍ കൂടുതല്‍ റോഡ്ഷോകള്‍ നടത്താനും പദ്ധതിയിടുന്നുണ്ട്. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് കേരളത്തിന് തന്ത്രപ്രധാനമായ വേദിയാണെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം വിദഗ്ധര്‍ എന്നിവരുമായി ബന്ധം ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.
വിമാന സര്‍വീസ് നിര്‍ണായകം
വിദേശ ടൂറിസം വളര്‍ച്ചയ്ക്ക് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് വിമാന കണക്ടിവിറ്റിയാണെന്ന് മന്ത്രി പറഞ്ഞു. എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായും എംപിമാരും സര്‍ക്കാര്‍ പ്രതിനിധികളും വഴി കൂടുതല്‍ വിമാന സര്‍വീസുകള്‍ക്കായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാന കണക്ടിവിറ്റി മെച്ചപ്പെട്ടാല്‍ കേരളത്തിന്റെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.