സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കേരളത്തില്‍ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന തീവ്രമഴ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. നേരത്തെ വടക്കന്‍ കേരളത്തില്‍ മഴ കനത്തപ്പോള്‍, ഇന്ന് മധ്യകേരളത്തിലേക്കും തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചു. നിര്‍ത്താതെ മഴ പെയ്തതോടെ പലയിടത്തും വെള്ളപ്പൊക്കത്തിലാണ്. ഇപ്പോള്‍ എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 7 മരണം റിപ്പോര്‍ട്ട് ചെയ്തു. മഴ കനത്തതോടെ പെട്ടെന്നാണ് പലയിടത്തും വെള്ളം കയറുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്കി. ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡാമുകളെല്ലാം തുറന്നിട്ടുണ്ട്.
ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴയെത്തുടര്‍ന്ന് നാല് പേരുടെ ജീവന് നഷ്ടമായതിന്റെ നടുക്കത്തിലാണഅ കേരളം. ഇടുക്കിയിലെ അടൂര്‍മലയിലും കോലാഹലമേട്ടിലും കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുമുണ്ടായ പ്രകൃതിദുരന്തത്തില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മ റെജീനയുടെ മൃതദേഹം കണ്ടെത്തി. മഴ കനത്തതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ക്കോട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവനന്തപുരം, എറണാകുളം, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. മുതലപ്പൊഴിയില്‍ തെരച്ചിലിന് സഹായിക്കാന്‍ നാവിക സേനയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളും രംഗത്തുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. വയനാട്, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കര്‍ഷകരുടെ പശുക്കള്‍ ഒലിച്ചുപോയി. പമ്പയില്‍ വെള്ളം കയറിയതിനാല്‍ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.