സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: യുപിഐ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ചുമത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അമേരിക്കന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകളില്‍ എം.ഡി.ആര് ചുമത്താന്‍ വിജ്ഞാപനം അനുമതി നല്‍കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
യുപിഐ വഴിയുള്ള ആകെ തുകയുടെ 65 ശതമാനവും വ്യാപാരി ഇടപാടുകളാണ്. വ്യാപാരികള്‍ക്ക് മേല്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഒടുവില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റില്‍ നിന്നായിരിക്കും ഈടാക്കുകയെന്ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റൂപേ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്കും ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ യാതൊരുവിധ നിരക്കുകളും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വ്യക്തികള്‍ തമ്മില്‍ നടത്തുന്ന പണമിടപാടു തുക എത്രയായാലും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതിന് സര്‍വീസ് ചാര്‍ജ് ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേ സമയം, വലിയ തുകകളുടെ ബിസിനസ് ഇടപാടുകള്‍ക്ക് ഭാവിയില്‍ നാമമാത്രമായ മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ചുമത്തും. ഈ തുക ഉപഭോക്താക്കളില്‍ നിന്നല്ല, മറിച്ച് നിശ്ചിത പരിധിക്ക് മുകളിലുള്ള വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നത്.