സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: എസ്ഐആര്‍ ക്രമക്കേടുകളിലും വോട്ട് കവര്‍ച്ച ആരോപണങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി സംഘടിപ്പിക്കുന്ന ജനകീയ ഇംപീച്ച്മെന്റ് വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ നടക്കും. രണ്ട് പൊതുവേദികള്‍ക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വേദി ഖാര്‍ഗെയുടെ വസതിയിലേക്ക് മാറ്റിയത്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ നടപടിക്രമങ്ങളില്‍ അധ്യക്ഷത വഹിക്കും.
രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന വിശദമായ ചര്‍ച്ചകള്‍ ഉപസംഹരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കും. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പൗരാവകാശ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. എസ്.ഐ.ആര് വഴി വോട്ട് നഷ്ടപ്പെട്ടവരും ബാധിക്കപ്പെട്ടവരുമായ സാധാരണക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ സഭയ്ക്ക് മുന്നില്‍ തുറന്നുപറയും.
വ്യാഴാഴ്ച ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ‘ഇന്‍ഡ്യ’ മുന്നണി നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് വെള്ളിയാഴ്ചത്തെ പരിപാടിയുടെ രൂപരേഖ അന്തിമമാക്കിയത്. ഹോട്ടല്‍ അശോകിലായിരുന്നു പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാംലീലാ മൈതാനത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതും നിഷേധിച്ചു. ഇതോടെയാണ് ഖര്‍ഗെയുടെ വസതി തന്നെ വേദിയാക്കാന്‍ മുന്നണി തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തിയുള്ള വോട്ട് അട്ടിമറികള്ക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വോട്ട് കവര്‍ച്ചയ്ക്കും ഗ്യാനേഷ് കുമാര്‍ കാട്ടിയ ക്രമക്കേടുകള്ക്കുമെതിരെയാണ് പ്രതിഷേധം. വെള്ളിയാഴ്ചത്തെ ജനകീയ വിചാരണയ്ക്ക് പിന്നാലെ നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന മഹാറാലിക്കായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഖര്‍ഗെ വ്യക്തമാക്കി.