എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലും മിസൈല്‍ ആക്രമണങ്ങളും പ്രതിരോധ സേനയുടെ പ്രത്യാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാനിര്‍ദേശവുമായി റിയാദിലെ ഇന്ത്യന്‍ എംബസി. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും എംബസി നിര്‍ദേശിച്ചു.
പ്രാദേശിക ഭരണകൂടവും ഔദ്യോഗിക ചാനലുകളും നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എംബസി പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശത്തില്‍ വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാര്‍ത്തകളോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും ഔദ്യോഗിക ചാനലുകളിലൂടെ വരുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും നിര്‍ദേശമുണ്ട്.
റിയാദിലെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലിന്റെയും വിഎഫ്എസ് വഴിയുള്ള സേവനങ്ങളുടെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നുണ്ട്. സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 800 247 1234 ല്‍ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ ഉടനടി അറിയാന്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ഫ്ളൈറ്റ് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങള്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്നതിനാല്‍ യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.