സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: ലൈംഗിക താല്പര്യത്തിന് വഴങ്ങിയാല്‍ പരീക്ഷയ്ക്ക് അധികം മാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) പ്രൊഫസര്‍ക്കെതിരെ പരാതി. 11 വിദ്യാര്‍ഥിനികളാണ് സര്‍വകലാശാലയുടെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത്.
മെയ് ആദ്യവാരത്തില്‍ നടന്ന വൈവ പരീക്ഷകള്‍ക്ക് ശേഷം ഒരു വിദ്യാര്‍ഥിനി തനിക്കുണ്ടായ ദുരനുഭവം വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചു. തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പ്രൊഫസര്‍ക്കെതിരെ സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു. വൈവ പരീക്ഷകള്‍ക്കിടെ പ്രൊഫസര്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും പരാമര്‍ശങ്ങളും നടത്തുകയും ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തതായി വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.
സര്‍വ്വകലാശാല ക്യാമ്പസിനുള്ളിലെ വസതിയിലേക്ക് വിദ്യാര്‍ഥിനികളെ ക്ഷണിക്കുകയും ലൈംഗിക താല്പര്യത്തോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്. ക്ലാസ് മുറിയിലും മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മെയില്‍ പരാതി നല്‍കിയെങ്കിലും സെമസ്റ്റര്‍ അവസാനിച്ചതിനാല്‍ ക്യാംപസ് 45 ദിവസത്തേക്ക് അടച്ചു. ക്യാംപസ് വീണ്ടും തുറന്നപ്പോളാണ് പരാതിയെക്കുറിച്ച് വീണ്ടും ചര്‍ച്ച സജീവമായത്. പ്രൊഫസറുടെ പെരുമാറ്റത്തിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ജെഎന്‍യു അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.