സഹജീവിക്കായി സമയം ചെലവഴിക്കാന്‍ കഴിയുന്നതാണ് മാനവികത: ലാല്‍ ജോസ്

അബുദാബി: ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ക്ക് ഒരുമിച്ചുകൂടാനുള്ള ഇടങ്ങള്‍ കൂടുതല്‍ രൂപപ്പെടുത്തേണ്ട കാലമാണിതെന്ന് ചലച്ചിത്ര സംവിധായകന് ലാല്‍ ജോസ്. പരസ്പരം സഹായിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. അവനവന്റെ സമയം മറ്റുള്ളവര്‍ക്ക് നല്കാന് കഴിയുന്നതാണ് സജീവിക്ക് നല്കാന് കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്തരം കൂട്ടായ്മകളാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ 2026-27 പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ പ്രസിഡന്റ് ടി. കെ മനോജ് അധ്യക്ഷത വഹിച്ചു. റാക്കോ മാനേജിങ്ങ് ഡയറക്ടര്‍ ജയപ്രകാശന്‍ ബാഹുലേയന് മുഖ്യാതിഥിയായിരുന്നു.
ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി. പി കൃഷ്ണകുമാര്‍, യുവകലാസാഹിതി ആക്ടിങ്ങ് പ്രസിഡന്റ് മനു കൈനകരി, ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂര്‍ എടപ്പാള്‍, മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ റീന നൗഷാദ്, സെന്റര്‍ ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ബിജി തോമസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുള്ള, അഹല്യാ മെഡിക്കല്‍ ഗ്രൂപ്പ് സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ സൂരജ് പ്രഭാകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സിബിഎസ്ഇ പരീക്ഷയില്‍ പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ നികേത് വിനീഷിനെ ചടങ്ങില്‍ ആദരിച്ചു. 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെയും ബാലവേദി അംഗങ്ങളെയും സദസ്സിനു പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി സജീഷ് നായര്‍ സ്വാഗതവും ജോ. സെക്രട്ടറി പുന്നൂസ് ചാക്കോ നന്ദിയും പറഞ്ഞു. അഞ്ജു സമീര്‍ ആയിരുന്നു പരിപാടിയുടെ അവതാരക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ലാല്‍ ജോസുമായുള്ള ‘സിനിമാ വര്‍ത്തമാനം’ സദസ്സിന്റെ സജീവമായ ഇടപെടല്‍ കൂടിയായപ്പോള്‍ ശ്രദ്ധേയമായി. കെ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറി ജയേഷ് വട്ടക്കാട്ടില്‍, മുന്‍ ട്രഷറര്‍ അനീഷ് ശ്രീദേവി എന്നിവര്‍ സംവാദ പരിപാടിക്ക് നേതൃത്വം നല്കി.