എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ സംരംഭമായ ലുലു മണി ബിസിനസ്, ആഗോള പേയ്മെന്റ് സേവനദാതാക്കളായ മാസ്റ്റര്‍കാര്‍ഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബിസിനസ് അക്കൗണ്ടുകള്‍, കാര്‍ഡ് സേവനങ്ങള്‍, സാമ്പത്തിക ഉപദേശം തുടങ്ങി വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് സംരംഭകര്‍ക്ക് സമഗ്രമായ സാമ്പത്തിക സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
അബുദാബിയില്‍ നടന്ന ഇന്‍വെസ്റ്റോപ്പിയ ബ്രിഡ്ജ് പരിപാടിക്കിടെയാണ് ധാരണാപത്രം ഒപ്പുവച്ചത്. യുഎഇ സാമ്പത്തികവിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്റിയുടെയും നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന് അല്‍ സുവൈദിയുടെയും സാന്നിധ്യത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദും മാസ്റ്റര്‍കാര്‍ഡിന്റെ ഇഇഎംഇഎ മാര്‍ക്കറ്റ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുനേയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള ഇസ്ലാമിക് ബാങ്കായ റൂയ നല്കുന്ന ബിസിനസ് അക്കൗണ്ടുകള്‍ക്കൊപ്പം മാസ്റ്റര്‍കാര്‍ഡിന്റെ കാര്‍ഡ് സേവനങ്ങളും സാമ്പത്തിക ഉപദേശക സംവിധാനങ്ങളും ഉള്‍പ്പെടുത്തും. സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ സാമ്പത്തിക സേവനങ്ങളും മൂല്യവര്‍ധിത സംവിധാനങ്ങളും ഘട്ടംഘട്ടമായി അവതരിപ്പിക്കാനാണ് പദ്ധതി. പണമിടപാടുകള്‍ക്കും ചെലവുകള്‍ നിയന്ത്രിക്കുന്നതിനും പണമൊഴുക്ക് കൈകാര്യം ചെയ്യുന്നതിനും ബിസിനസ് വളര്‍ച്ച ആസൂത്രണം ചെയ്യുന്നതിനും സംരംഭകരെ സഹായിക്കുന്ന രീതിയിലാണ് സേവനങ്ങള്‍ വികസിപ്പിക്കുക. മാസ്റ്റര്‍കാര്‍ഡിന്റെ കണ്‍സള്‍ട്ടിങ്, ഉപദേശക വൈദഗ്ധ്യവും ലുലു മണി ബിസിനസിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ലുലു മണി ബിസിനസിനെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എല്ലാ പ്രധാന സാമ്പത്തിക സേവനങ്ങളും ഒരിടത്ത് ലഭിക്കുന്ന സംവിധാനമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ ആദീബ് അഹമ്മദ് പറഞ്ഞു. സംരംഭകര്‍ക്ക് ഇടപാടുകള്‍ നടത്താനും സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കാനും ബിസിനസ് വളര്‍ത്താനും ആവശ്യമായ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയില്‍ എസ്എംഇകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച് അവരുടെ സാമ്പത്തിക ആവശ്യങ്ങളും മാറുകയാണെന്നും മാസ്റ്റര്‍കാര്‍ഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുനേ പറഞ്ഞു. 2030ഓടെ 50 കോടി ആളുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും സാമ്പത്തിക ആരോഗ്യത്തിലേക്കുള്ള വളര്‍ച്ചയില്‍ പിന്തുണ നല്‍കുകയെന്ന ആഗോള ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.