യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

നേപ്പാളില്‍ ദുരന്തബാധിതര്‍ക്കായി ഹെലികോപ്റ്ററില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍. ചിത്രം : പിടിഐ
കാഠ്മണ്ഡു: നേപ്പാള്‍, ഭൂട്ടാന് മേഖലകളിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1000 കടന്നു. ദുരന്തത്തില്‍ 4,400ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. നേപ്പാളില്‍ മാത്രം 939 പേര് മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. നേപ്പാളില്‍ 3,925 പേരെ കാണാതായിട്ടുണ്ട്. ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഒറ്റപ്പെട്ടുപോയ പല സ്ഥലങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.
ദുരന്തബാധിത മേഖലകളില്‍ കുടുങ്ങിയ 158 ഇന്ത്യന്‍ പൗരന്മാരെ തിങ്കളാഴ്ച രാത്രിയോടെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, ചൈന-നേപ്പാള്‍ അതിര്‍ത്തി മേഖലയിലുണ്ടായിരുന്ന കേരളീയരായ ചിലരെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിദേശ പൗരത്വമുള്ള ആറ് കേരളീയരെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നോര്‍ക്കാ റൂട്സ് വ്യക്തമാക്കി.
ടിബറ്റന്‍ അതിര്‍ത്തിയിലെ രാസുവ ജില്ലയിലെ ഹിമാനി ഇടിഞ്ഞതോടെ ഭോടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കവും വന്‍തോതിലുള്ള മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് കാരണമായത്. തുടര്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായതോടെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചു. പാലങ്ങളും ജലവൈദ്യുത പദ്ധതികളും ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളും പൂര്‍ണ്ണമായും ഒലിച്ചുപോയി. ദുരന്തബാധിത പ്രദേശങ്ങളില്‍ ഭോടെകോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡി.എന്‍.എ പരിശോധനകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കി. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തിക സഹായവും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. യുഎഇ ഇതിനകം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.