
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
വടകര : ആ കഥകളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല…മരിച്ച് ഒരുവര്‍ഷത്തിനുശേഷം വടകരയുടെ പ്രിയകഥാകാരന് എം. സുധാകരന്റെ 31 കഥകള്‍ പുസ്തകമായി എത്തുന്നു. ‘എം. സുധാകരന്റെ തിരഞ്ഞെടുത്ത കഥകള്‍’ എന്ന പേരില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ബുധനാഴ്ച വടകരയില്‍ പ്രകാശനം ചെയ്യും. 2023 ഓഗസ്റ്റ് ഒന്നിനാണ് സുധാകരന് മരിച്ചത്. ജീവിച്ചിരിക്കുന്ന കാലത്ത് മൂന്ന് നോവലുകളും അഞ്ച് കഥാസമാഹാരങ്ങളും ഒരു നോവലെറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളില്‍ പലതും ഇപ്പോള്‍ കിട്ടാനില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ മരണശേഷം, ആ കഥകള്‍ പുതുതലമുറയിലേക്കുകൂടി എത്തണമെന്ന ആഗ്രഹവുമായി കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയത്. സുധാകരന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ത്തന്നെ തിരഞ്ഞെടുത്ത കഥകളിലൂടെ ഇത് യാഥാര്‍ഥ്യമായി.
‘ബെനഡിക്ട് സ്വസ്ഥമായുറങ്ങുന്നു’, ‘രണ്ട് കുന്നുകള്‍’, ‘സായാഹ്നം’, ‘വംശപരമ്പരകള്‍’, ‘ദുരന്തങ്ങളില്‍ എലിപ്പെട്ടിയുടെ സാധ്യതകള്‍’, ‘ചില മരണാനന്തര പ്രശ്നങ്ങള്‍’, ‘വെയില്’, ‘അന്വേഷണം’ തുടങ്ങിയ 31 കഥകളാണ് പുസ്തകത്തിലുള്ളത്. ‘വ്യഥ’ എന്ന കഥാസമാഹാരം പുറത്തിറക്കിയ സമയത്ത് എം.ടി. വാസുദേവന്‍ നായര്‍ ‘അനുഭവങ്ങള്‍, പ്രതിരൂപങ്ങള്‍’ എന്ന പേരിലെഴുതിയ അവതാരിക അനുബന്ധമായി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ‘ഞാനും എന്റെ കഥകളും’ എന്ന പേരില്‍ സുധാകരന് 1991 ജൂലായ് ഏഴിന് മാതൃഭൂമിപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനവുമുണ്ട്. സര്‍ഗാത്മകജീവിതവും തന്റെ നിലപാടുകളുമെല്ലാം പ്രതിപാദിക്കുന്ന കുറിപ്പാണിത്.
ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന് എം. മുകുന്ദന് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. നിരൂപകന് കെ.വി. സജയ് പുസ്തകം ഏറ്റുവാങ്ങുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. വി.ആര്. സുധീഷ് എം. ‘സുധാകരന്റെ കഥാപ്രപഞ്ചം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കെ.ടി. ദിനേശ് പുസ്തകം പരിചയപ്പെടുത്തും. കെ. നൗഷാദ് ചടങ്ങില്‍ പങ്കെടുക്കും. ഇതോടൊപ്പം സുധാകരന് അനുസ്മരണവും നടത്തും. പത്രസമ്മേളനത്തില്‍ അനുസ്മരണസമിതി ചെയര്മാന് ടി. രാധാകൃഷ്ണന്, കണ്‍വീനര്‍ ശിവദാസ് പുറമേരി, പ്രവീണ്ചന്ദ്രന് മൂടാടി, സുലിന് ഷെര്‍ഗില്‍ എന്നിവര്‍ പങ്കെടുത്തു.