സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരൂര്‍ക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് ആലിക്കുട്ടി മുസ്ലിയാര് സമസ്ത ജനറല്‍ സെക്രട്ടറിയായത്. 1945ല്‍ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹം 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലായിരുന്നു പ്രാഥമിക മതപഠനം. തിരൂര്‍ക്കാട് മാപ്പിള സ്കൂളില്‍ ഭൗതിക വിദ്യാഭ്യാസം നേടി. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയിലെ ദര്സില് പഠനം ആരംഭിച്ച അദ്ദേഹം പിന്നീട് പുത്തനങ്ങാടി ജുമാമസ്ജിദ്, അരിപ്ര, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ പഠനം തുടര്‍ന്നു. 1964ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം പഠനം നടത്തി. ശംസുല്‍ ഉലമ, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, താഴെക്കോട് കുഞ്ഞലവി മുസ്ലിയാര്, പെരിന്തല്‍മണ്ണ സൈതാലി മുസ്ലിയാര്, വളപുരം കെ.ടി. മുഹമ്മദ് മുസ്ലിയാര്, അബ്ദുല്‍ ഖാദര്‍ (കായി) മുസ്ലിയാര്, പെരുമ്പലം ബാപ്പുട്ടി മുസ്ലിയാര് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരായിരുന്നു പ്രധാന ഉസ്താദുമാര്‍.
ചെറുപ്പത്തില്‍ തന്നെ നേതൃത്വപാടവം തെളിയിച്ച അദ്ദേഹം 16-ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20-ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിതനായി. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയ ശേഷം മീനാര്‍കുഴി ദര്‍സിലായിരുന്നു ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി. പിന്നീട് 2003ല്‍ കോളജ് പ്രിന്‍സിപ്പലായി നിയമിതനായി.
സമസ്തയിലെ വിവിധ ചുമതലകള്‍
1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജാമിഅ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഓസ്ഫോജനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1986ല്‍ സമസ്ത മുശാവറ അംഗമായും 1992ല്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോയിന്റ് സെക്രട്ടറിയായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1992 മുതല്‍ 2016 വരെ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.
ദേശീയ-അന്താരാഷ്ട്ര രംഗത്തെ സാന്നിധ്യം
ഇന്ത്യയിലും വിദേശത്തുമായി നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ആലിക്കുട്ടി മുസ്ലിയാര് ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുത്തു. നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ അംഗമായിരുന്നു.
1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിരുന്നു. 2008ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തു. 2011ല്‍ ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും 2012ല്‍ മൊറോക്കോയില്‍ നടന്ന സൂഫി സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ സെനഗലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഹജ്ജ് കമ്മിറ്റി ചെയര്മാന്
2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തെത്തുന്നത് ആദ്യമായാണ് ആലിക്കുട്ടി മുസ്ലിയാരിലൂടെയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകളുടെയും സുന്നി അഫ്കാറിന്റെയും ചീഫ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.