മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി; ബിജെപിയുടെ കാലാവധി തീരാനായി: രാഹുല്

പനാജി (ഗോവ): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ’56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ഗോവയിലെ മാര്ഗോയില് നടന്ന പൊതുയോഗത്തില് സംസാരിക്കവെയാണ് മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്ശനം ഉന്നയിച്ചത്. ബിജെപിയുടെ കാലാവധി തീരാനായെന്നും രാഹുല് പറഞ്ഞു.
വോട്ടുകവര്ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളില് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് എന്നിവര് മറുപടി പറയേണ്ടിവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് ഇപ്പോള് എവിടെപ്പോയെന്ന് ആരെങ്കിലും ശ്രദ്ധിച്ചോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോദിയുടെ മുഖം നിങ്ങള് കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന് ഇപ്പോള് ഞങ്ങളുടെ മുന്നില് മുഖം കൊടുത്ത് നില്ക്കാന് പോലും കഴിയുന്നില്ല. കോണ്ഗ്രസ് പാര്ട്ടി തങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് മോദിക്കും അമിത് ഷായ്ക്കും നന്നായി അറിയാം.’
വോട്ടുകവര്ച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ ചെലവ് വര്ധനവ് തുടങ്ങിയ വിഷയങ്ങള് ഉന്നയിക്കുന്ന വിദ്യാര്ത്ഥികള്ക്ക് നേരെ ഡല്ഹിയില് പെല്ലറ്റ് ഗണ്ണുകള് പ്രയോഗിക്കുകയാണെന്നും രാഹുല് ഗാന്ധി കുറ്റപ്പെടുത്തി.