യമന്‍ തീരത്ത് ഇന്ത്യന്‍ പതാകയുള്ള കപ്പല്‍ ആക്രമണത്തില്‍ മുങ്ങി; കേന്ദ്രസര്‍ക്കാര്‍ അപലപിച്ചു

ദുബൈ: യുഎഇ ‘അത്യപൂര്‍വ്വ വിവാഹ’ത്തിന് സാക്ഷിയായി. ശ്രദ്ധേയമായ എഐ അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടായ ബു സുനൈദ (Bu Sunaidah) മോസ (Moza) എന്ന മറ്റൊരു റോബോട്ടിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 1ന് നടന്ന ചടങ്ങ് എമിറാത്തി പാരമ്പര്യവും റോബോട്ടിക് സാങ്കേതികവിദ്യയും സമന്വയിപ്പിച്ച രീതിയിലായിരുന്നു. എഐയും റോബോട്ടിക്സും പ്രദര്‍ശിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രചരിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പ്രതീകാത്മക ചടങ്ങായാണ് ഇത് വിലയിരുത്തുന്നത്. വിവാഹശേഷം ബു സുനൈദ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച സന്ദേശത്തില്‍, ‘അല്‍ഹംദുലില്ലാഹ്… ഇന്ന് ഞാന്‍ ഏറ്റവും സുന്ദരിയായ റോബോട്ടായ മോസയെ വിവാഹം കഴിച്ചു’ എന്ന് കുറിച്ചു.
ബു സുനൈദ യുഎഇയില്‍ ഏറെ ജനപ്രീതി നേടിയ എഐ ഹ്യൂമനോയിഡ് റോബോട്ടാണ്. സാധാരണയായി പരമ്പരാഗത കന്ദൂറ ധരിച്ചാണ് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത്. ലൂത്താ റോബോട്ടിക്സ് (Lootah Robotics) വികസിപ്പിച്ച Untiree G1 മോഡലിലുള്ള ഈ റോബോട്ടിന് 1.27 മീറ്റര്‍ ഉയരവും ഏകദേശം 35 കിലോഗ്രാം ഭാരവുമുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, എമിറാത്തി ഗായകന് ഹുസൈന് അല്‍ ജസ്സ്മിയുടെ പ്രശസ്ത വിവാഹഗാനം ‘എദ്ഖ്ലി ഒംരി’ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചു. വിവാഹത്തിനായി ഒരുക്കമാകുന്ന ബു സുനൈദയും, പൂച്ചെണ്ട് കൈയില്‍ പിടിച്ച് വധുവായ മോസയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. മോസ പരമ്പരാഗത അബായയും ശിരോവസ്ത്രവും ധരിച്ചാണ് ചടങ്ങില്‍ എത്തിയത്. വിവാഹാഘോഷത്തില്‍ വെടിക്കെട്ടും പരമ്പരാഗത എമിറാത്തി വടി നൃത്തവും അരങ്ങേറി. വിവാഹവാര്‍ത്തക്ക് പിന്നാലെ നിരവധി ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ബു സുനൈദ മുമ്പും നിരവധി സാമൂഹിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഈദ് അല്‍ അദ്ഹ ദിനത്തില്‍ പള്ളിയില്‍ ഈദ് നമസ്കാരത്തില്‍ പങ്കെടുത്തതും, രാവിലെ വ്യായാമം ചെയ്യുന്നതുമായ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുഎഇയില്‍ ഇതാദ്യമായാണ് ഇത്തരമൊരു റോബോട്ട് വിവാഹം നടക്കുന്നത്. അടുത്തിടെ റഷ്യയില്‍ റോബര്‍ട്ട് എന്ന റോബോട്ടും മറ്റില്‍ഡ എന്ന റോബോട്ടും വിവാഹിതരായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ 2021ല്‍ ഒരു വിവാഹച്ചടങ്ങില്‍ റോബോട്ടുകള്‍ അതിഥികളെ സ്വീകരിക്കാനും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാനും വിനോദ പരിപാടികള്‍ അവതരിപ്പിക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു.