സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: തത്കാല്‍ പാസ്പോര്‍ട്ട് സേവനം എല്ലാ അപേക്ഷകര്ക്കുമുള്ളതല്ലെന്നും യോഗ്യതയുള്ളവര്‍ക്ക് മാത്രമാണെന്നു ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചുമതലയേറ്റ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണു വര്ധന് റെഡ്ഡി, മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ നിയമപരമായ നടപടികള്‍ മൂലം ഉണ്ടായ തടസ്സങ്ങള്‍ക്കുശേഷം അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് യുഎഇയില്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങളുടെ ചുമതല ഏറ്റെടുത്തതോടെയാണ് തുടക്കത്തില്‍ ചില പ്രവര്‍ത്തന പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ അല്‍ഹിന്ദ് യുഎഇയിലുടനീളം 16 ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ വഴി താല്‍ക്കാലികമായി കുറഞ്ഞത് മൂന്ന് മാസത്തേക്ക് സേവനം നല്‍കുന്നുണ്ട്. തത്കാല്‍ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കും.
സ്വാതന്ത്ര്യദിനത്തിന് മുമ്പ് തത്കാല്‍ അപേക്ഷകളിലെ എല്ലാ കുടിശ്ശികയും തീര്‍ത്ത് സേവനം സാധാരണ നിലയിലാക്കാനാണ് കോണ്‍സുലേറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി പാസ്പോര്‍ട്ട് ലഭിക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ഇന്ത്യന്‍ പൗരന്മാര്ക്കുള്ള അതിവേഗ സേവനമാണ് തത്കാല്‍. ഇതിനായി സാധാരണ അപേക്ഷയേക്കാള്‍ ഉയര്‍ന്ന ഫീസും ഈടാക്കും. തത്കാലില്‍ 36 പേജുള്ള പാസ്പോര്‍ട്ടിന് 900 ദിര്‍ഹവും 60 പേജിന് 1,080 ദിര്‍ഹവും ഈടാക്കും. നിലവില്‍ തത്കാല്‍ അപേക്ഷകള്‍ക്ക് മൂന്ന് ദിവസം വരെ സമയമെടുക്കുന്നുണ്ടെങ്കിലും, മുമ്പ് ഉച്ചയ്ക്ക് 12 മണിക്കുമുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ അതേ ദിവസം തന്നെ തീര്പ്പാക്കാറുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥ അടിയന്തര സാഹചര്യമാണെന്ന് തെളിയിക്കുന്നവര്‍ക്ക് ഇപ്പോഴും അതേ ദിവസത്തെ പ്രോസസിംഗ് ലഭ്യമാക്കുന്നുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു.
തത്കാല്‍ ഒരു സൗകര്യ സേവനമല്ലെന്നും, യഥാര്‍ഥ അടിയന്തര ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. തത്കാല്‍ നവജാത ശിശുക്കളുടെ അപേക്ഷകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഒറ്റത്തവണ യാത്രാ രേഖ) എന്നിവയ്ക്ക് വാക്ക്ഇന്‍ അപേക്ഷകള്‍ അനുവദിക്കുന്നുണ്ട്. തത്കാലിന് അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകള്‍, ഉദാഹരണത്തിന് സ്ഥിരീകരിച്ച വിമാന ടിക്കറ്റ് അല്ലെങ്കില്‍ മറ്റ് അനുബന്ധ രേഖകള്‍, ഹാജരാക്കണം. പാസ്പോര്‍ട്ട് അപേക്ഷകള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കണം. സ്വകാര്യ ടൈപ്പിംഗ് സെന്ററുകള്‍ക്ക് അനാവശ്യമായി കൂടുതല്‍ പണം നല്‍കരുതെന്ന് ഡോ. റെഡ്ഡി പ്രവാസികളോട് അഭ്യര്‍ഥിച്ചു. ഒരു തൊഴിലാളി പാസ്പോര്‍ട്ട് അപേക്ഷ ടൈപ്പ് ചെയ്യാന്‍ പുറത്തെ കേന്ദ്രത്തില്‍ 50 ദിര്‍ഹം നല്‍കിയതായി താന്‍ കണ്ടതായി അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക സേവനദാതാവായ അല്‍ഹിന്ദ് ടൈപ്പിംഗ്, ഫോട്ടോ, ഫോട്ടോകോപ്പി, പ്രിന്റൗട്ട്, ആഭ്യന്തര കൊറിയര്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ 19 ദിര്‍ഹത്തിന് നല്‍കുന്നുണ്ടെന്നും, മൂന്നാം കക്ഷികളെ ആശ്രയിക്കാതെ ഈ സേവനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രവാസി തൊഴിലാളികളില്‍ ബോധവത്കരണം നടത്തുന്നതിനായി ദുബൈ പൊലീസുമായി സഹകരിച്ച് പ്രത്യേക അവബോധ പരിപാടികളും സംഘടിപ്പിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.