എന്ഡ് ഓഫ് ദി ബാറ്റില്: അന്താരാഷ്ട്ര ക്രിമിനല് ശൃംഖല തകര്ത്ത് ഷാര്ജ പോലീസ്; 33 പേര് പിടിയില്

വാഷിങ്ടണ്: ഇറാനെതിരായ സൈനിക നടപടികള് പുനരാരംഭിക്കാന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഉത്തരവിട്ടാല്, അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബായ ‘മദര് ഓഫ് ഓള് ബോംബ്സ്’ (MOAB) ഉപയോഗിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ഇറാന്റെ ഊര്ജ അടിസ്ഥാനസൗകര്യങ്ങളും ആണവകേന്ദ്രങ്ങളും ലക്ഷ്യമിടുന്ന പുതിയ ആക്രമണപദ്ധതികള് അമേരിക്കന് സൈന്യം തയ്യാറാക്കിയതായി സൈനിക ആസൂത്രണത്തെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്എന് റിപ്പോര്ട്ട് ചെയ്തു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആക്രമണം നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. എന്നാല് ബോംബ് ഉപയോഗിക്കുന്ന കാര്യത്തില് ട്രംപ് അന്തിമ തീരുമാനമെടുത്തതായി റിപ്പോര്ട്ടില് പറയുന്നില്ല.
മാസീവ് ഓര്ഡ്നന്സ് എയര് ബ്ലാസ്റ്റ് (MOAB) എന്ന ഔദ്യോഗിക പേരുള്ള ബോംബ് ഇറാനെതിരായ യുദ്ധത്തില് ആദ്യമായി പ്രയോഗിക്കുന്നത് സംഘര്ഷം കൂടുതല് രൂക്ഷമാക്കും. അതേസമയം, യുദ്ധത്തിന്റെ ഗതി മാറ്റാനോ അമേരിക്ക പ്രഖ്യാപിച്ച ലക്ഷ്യങ്ങള് കൈവരിക്കാനോ ഈ ആയുധത്തിന് കഴിയുമോ എന്ന കാര്യത്തില് സൈനിക വൃത്തങ്ങള്ക്കിടയില് സംശയമുണ്ട്. ആറുമാസത്തിലേറെയായി തുടരുന്ന യുദ്ധം അമേരിക്കയില് ജനപ്രീതി നഷ്ടപ്പെടുത്തിയ സാഹചര്യത്തില്, സംഘര്ഷം അവസാനിപ്പിക്കാനുള്ള സമ്മര്ദം ട്രംപ് നേരിടുന്നുണ്ട്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില് യുദ്ധത്തിനെതിരായ ജനവികാരം റിപ്പബ്ലിക്കന് പാര്ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനില്ക്കുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ തന്ത്രം വൈറ്റ് ഹൗസിന്റെ പക്കലുണ്ടോ എന്ന കാര്യത്തില് ചില ഉദ്യോഗസ്ഥര് സ്വകാര്യമായി സംശയം പ്രകടിപ്പിക്കുന്നതായി സിഎന്എന് റിപ്പോര്ട്ട് ചെയ്തു. സൈനിക നടപടികള്ക്ക് പലതരത്തിലുള്ള സാധ്യതകള് സൈന്യം ഭരണകൂടത്തിനു മുന്നില് അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ എങ്ങനെ യുദ്ധത്തിന്റെ അന്ത്യം ഉറപ്പാക്കുമെന്നത് വ്യക്തമല്ലെന്നാണ് വിലയിരുത്തല്. യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കാന് ട്രംപിന് രാഷ്ട്രീയമായി അവതരിപ്പിക്കാവുന്ന ഒരു ‘പ്രതീകാത്മക വിജയം’ നേടാനുള്ള മാര്ഗങ്ങള് ആഴ്ചകളായി ഭരണകൂടം ചര്ച്ച ചെയ്യുന്നുണ്ട്. സൈനിക നടപടികള്ക്ക് ശേഷം വിജയം പ്രഖ്യാപിച്ച് പശ്ചിമേഷ്യയിലെ അമേരിക്കന് സൈനികരെ വേഗത്തില് പിന്വലിക്കുന്നതും പരിഗണനയിലുള്ള ഒരു സാധ്യതയാണെന്ന് റിപ്പോര്ട്ടില് പറയുന്നു. അമേരിക്കന് സൈനികരുടെ പിന്വാങ്ങലിന് മുമ്പ് ആക്രമണം നടത്തണമെന്ന നിര്ദേശം ഊര്ജ അടിസ്ഥാനസൗകര്യങ്ങള് ലക്ഷ്യമിട്ടുള്ള പദ്ധതികളിലുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. എന്നാല് ആക്രമണം നടത്താനുള്ള സമയക്രമത്തെക്കുറിച്ച് അന്തിമ തീരുമാനമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.
ലക്ഷ്യം ഇറാന്റെ ഭൂഗര്ഭ ആണവകേന്ദ്രങ്ങള്
ഇറാനിലെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിര്ണായക കേന്ദ്രങ്ങളിലൊന്നായി അമേരിക്കയും ഇസ്രായേലും കരുതുന്ന പിക്കാക്സ് മൗണ്ടന് ഉള്പ്പെടെയുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പദ്ധതികളിലും MOAB ഉള്പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. എന്നാല് ആണവകേന്ദ്രങ്ങള് ഭൂമിക്കടിയില് ആഴത്തില് സ്ഥിതി ചെയ്യുന്നതിനാല് അവ തകര്ക്കാന് ഈ ബോംബിന് കഴിയുമോ എന്നതാണ് പ്രധാന സംശയം. ഏകദേശം ഒമ്പത് നഗരബ്ലോക്കുകള്ക്ക് തുല്യമായ പ്രദേശത്ത് നാശം വിതയ്ക്കാന് ശേഷിയുള്ളതാണെങ്കിലും, ഗ്രാനൈറ്റ് പാളികള് ഉള്പ്പെടെയുള്ള ശക്തമായ സംരക്ഷണ സംവിധാനങ്ങളുള്ള ഭൂഗര്ഭ കേന്ദ്രങ്ങളില് ആഴത്തില് കടന്നുചെന്ന് നാശമുണ്ടാക്കാന് MOABന് മതിയായ ശേഷിയുണ്ടാകണമെന്നില്ലെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
MOAB ഉപയോഗിച്ചാല് സ്ഫോടനം നടക്കുന്ന പ്രദേശത്ത് വന് നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്. ജനവാസമേഖലകള്ക്ക് സമീപമുള്ള ഊര്ജകേന്ദ്രങ്ങളെയോ മറ്റ് അടിസ്ഥാനസൗകര്യങ്ങളെയോ ലക്ഷ്യമിട്ടാല് സാധാരണക്കാര് കൊല്ലപ്പെടാനുള്ള സാധ്യതയും ഉയരും. ഇറാന് വഴങ്ങാന് തയ്യാറാകാത്ത സാഹചര്യത്തില് സമ്മര്ദം വര്ധിപ്പിക്കുന്നതിനുള്ള മാനസിക ആയുധമായും ബോംബ് ഉപയോഗിക്കാമെന്ന് ചില ഉദ്യോഗസ്ഥര് വിലയിരുത്തുന്നു. എന്നാല് അതുകൊണ്ട് ഇറാന് കീഴടങ്ങുമെന്നോ അമേരിക്കയ്ക്ക് നിര്ണായക സൈനിക വിജയം നേടാനാകുമെന്നോ ഉറപ്പില്ല.
ഇറാനെ നിര്ണായകമായി പരാജയപ്പെടുത്താന് കരസേനയെ ഉള്പ്പെടുത്തിയുള്ള വലിയ സൈനിക നീക്കം ആവശ്യമായി വരുമെന്ന അഭിപ്രായവും ചില വിശകലന വിദഗ്ധര്ക്കുണ്ട്. അത്തരമൊരു നീക്കത്തില് ആയിരക്കണക്കിന് അമേരിക്കന് സൈനികരുടെ ജീവന് അപകടത്തിലാകാം. പെന്റഗണ് ഇത്തരം സാധ്യതകള് പരിശോധിക്കുന്നുണ്ടെങ്കിലും, ഇപ്പോള് ഭരണകൂടത്തിനുള്ളില് അത്തരമൊരു വിപുലമായ നീക്കത്തിന് പരസ്യമായ പിന്തുണയില്ലെന്നാണ് റിപ്പോര്ട്ട്. ഇറാനില് അമേരിക്കന് സൈനികരെ നേരിട്ട് വിന്യസിക്കുന്നതിനോട് ട്രംപിന് താല്പര്യമില്ലെന്നാണ് സൂചന. എന്നാല് യുദ്ധം വേഗത്തില് അവസാനിപ്പിക്കണമെന്ന രാഷ്ട്രീയ സമ്മര്ദവും നയതന്ത്ര കരാര് നേടുന്നതിലെ പരാജയവും അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നു.