സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനും, ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചൊവ്വാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് ചര്‍ച്ച നടത്താനും തീരുമാനിച്ചതായി ‘ആക്സിയോസ്’ വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഈ ജലപാതയില്‍ ഇറാന്റെ മുന്‍ഗണനാ റൂട്ടുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ അത് പ്രദേശത്ത് വലിയ സംഘര്‍ഷങ്ങള്‍ക്കും യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതേസമയം, ഇസ്രായേലുമായി ലെബനന് ഉണ്ടാക്കിയ ചട്ടക്കൂട് കരാര്‍ ലെബനന്റെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നില്ലെന്നും, അതിനാല്‍ ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ലെബനന് പാര്‍ലമെന്റ് സ്പീക്കര്‍ നബിഹ് ബെറി പറഞ്ഞു. അതിനിടെ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നാല് ഫലസ്തീനികളെ വധിച്ചു. സിറിയയിലെ തെക്കന്‍ പ്രവിശ്യകളായ ഖുനൈത്ര, ദേര എന്നിവിടങ്ങളിലേക്ക് ഇസ്രായേല്‍ നടത്തിയ കടന്നുകയറ്റങ്ങളെ സിറിയ ശക്തമായി അപലപിച്ചു. ഇത്തരം തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയിലുടനീളം വീണ്ടും സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും സിറിയ മുന്നറിയിപ്പ് നല്കി.