അഭിജീത് ദിപ്കെ പോലീസ് കസ്റ്റഡിയില്; ദേശീയ പതാകയേന്തി പ്രതിഷേധവുമായി യുവാക്കള്: ഡല്ഹിയില് പ്രക്ഷോഭം

ന്യൂഡല്ഹി: ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെയും വോട്ടര്പട്ടിക തിരിമറി ആരോപിച്ചും ‘തിരംഗ മാര്ച്ച്’ നടത്താന് ആഹ്വാനം ചെയ്ത കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) സ്ഥാപകന് അഭിജീത് ദിപ്കെയുടെ വീട്ടിലെത്തി ഡല്ഹി പോലീസ് നോട്ടീസ് നല്കി. മാര്ച്ച് നടത്തരുതെന്ന പോലീസിന്റെ ആവശ്യത്തോട് ‘എങ്കില് എന്നെ തൂക്കിലേറ്റൂ’ എന്ന് അഭിജീത് പ്രതികരിച്ചു.
അഭിജീത് ദിപ്കെയുടെ വീട്ടിലെത്തിയ പോലീസ് സംഘം, സോഷ്യല് മീഡിയയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് കാണിച്ചാണ് നോട്ടീസ് നല്കിയത്. ഇതോടെ പോലീസും അഭിജീതും തമ്മില് വാക്കേറ്റമുണ്ടായി. പോലീസിനെതിരെ ജനങ്ങളെ അക്രമത്തിന് പ്രകോപിപ്പിച്ചു എന്ന് തെളിയിക്കുന്ന ഒരൊറ്റ വീഡിയോ എങ്കിലും കാണിക്കാന് നിങ്ങള്ക്ക് സാധിക്കുമോ എന്ന് അഭിജീത് പോലീസിനെ വെല്ലുവിളിച്ചു.
ദേശീയ പതാക വീശുന്നത് നിയമവിരുദ്ധമല്ലെന്നും എന്നാല് അനുമതിയില്ലാതെ ആളുകളെ സംഘടിപ്പിച്ച് മാര്ച്ച് നടത്തുന്നത് നിരോധനാജ്ഞയുടെ ലംഘനമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച കോണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് ദേശീയ പതാകയുമേന്തി പ്രതിഷേധിക്കാന് പൊതുജനങ്ങളോടും അനുഭാവികളോടും സിജെപി ആഹ്വാനം ചെയ്തിരുന്നു. ജന്തര് മന്ദറില് ദേശീയ പതാകയുമേന്തി പ്രവേശിച്ചതിന്റെ പേരില് അറസ്റ്റിലായ സിജെപി പ്രവര്ത്തകര്ക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് മാര്ച്ചിന് ആഹ്വാനം ചെയ്തത്.