വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റുകള് വിറ്റ് പണം തട്ടി: ദുബൈയില് ക്ലിനിക്ക് ജീവനക്കാരിക്ക് തടവും നാടുകടത്തലും

ദുബൈ: 1000 ദിര്ഹത്തിന് വ്യജ മെഡിക്കല് സര്ട്ടിഫിക്കറ്റുകള് നിര്മിച്ചു നല്കിയ ക്ലിനിക് ജീവനക്കാരിക്ക് തടവും നാടുകടത്തലും ശിക്ഷ. വ്യാജരേഖ ചമയ്ക്കല്, വിശ്വാസവഞ്ചന, കോര്പ്പറേറ്റ് തട്ടിപ്പ് എന്നീ കുറ്റങ്ങള് തെളിഞ്ഞതിനെത്തുടര്ന്ന് ദുബൈ ക്രിമിനല് കോടതിയുടേതാണ് ഉത്തരവ്. കേസിലെ കൂട്ടുപ്രതികള്ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്ത്തിയാക്കിയ ശേഷം പ്രവാസികളായ പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ സാമ്പത്തിക പിഴയും ചുമത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനികളിലെ ചില ജീവനക്കാര്ക്കിടയില് പെട്ടെന്നുള്ള മെഡിക്കല് അവധികള് അസ്വാഭാവികമായി വര്ദ്ധിച്ചുവരുന്നത് ശ്രദ്ധയില്പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ജീവനക്കാര് ഹാജരാക്കിയ മെഡിക്കല് സര്ട്ടിഫിക്കറ്റുകളിലെല്ലാം ഒരേ ക്ലിനിക്കിന്റെ ഡിജിറ്റല് സ്റ്റാമ്പുകള് ഉള്ളത് കമ്പനിയുടെ എച്ച്ആര് വിഭാഗത്തില് സംശയമുണ്ടാക്കി. തുടര്ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷം കമ്പനി അധികൃതര് വിവരം പോലീസില് അറിയിക്കുകയായിരുന്നു.
ദുബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള് പുറത്തുവന്നത്. ക്ലിനിക്കിലെ ഒരു ജീവനക്കാരി, സ്വകാര്യ മേഖലയിലെ ജീവനക്കാരുമായി ചേര്ന്ന് യാതൊരുവിധ വൈദ്യപരിശോധനകളും നടത്താതെ വ്യാജ സര്ട്ടിഫിക്കറ്റുകള് നല്കുകയായിരുന്നു. ഒരു സര്ട്ടിഫിക്കറ്റിന് നൂറു ദിര്ഹം മുതല് 1,000 ദിര്ഹം വരെയാണ് ഇവര് വാങ്ങിയിരുന്നത്.
ക്ലിനിക്കിന്റെ ഇലക്ട്രോണിക് ഹെല്ത്ത് പോര്ട്ടല് ദുരുപയോഗം ചെയ്ത് മുന്കാല തീയതികളില് സിക്ക് ലീവ് സര്ട്ടിഫിക്കറ്റുകള് നിര്മ്മിക്കുകയാണ് ഇവര് ചെയ്തിരുന്നത്. ഡോക്ടര്മാരുടെ ഡിജിറ്റല് ഒപ്പുകളും സീലുകളും വ്യാജമായി ഉപയോഗിച്ചാണ് സര്ട്ടിഫിക്കറ്റുകള് സാധുവാക്കിയത്.