ദുബൈയില് ആറുമാസത്തിനിടെ രജിസ്റ്റര് ചെയ്തത് 1.96 ലക്ഷം പുതിയ വാഹനങ്ങള്

ദുബൈ: ജനസംഖ്യാ വര്ധനയും നഗരവികസനവും സാമ്പത്തിക വളര്ച്ചയും ഗതാഗത ആവശ്യകത ഉയര്ത്തുന്നതിനിടെ ദുബൈയില് 2026ലെ ആദ്യ ആറുമാസത്തിനിടെ രജിസ്റ്റര് ചെയ്തത് 1,96,042 പുതിയ വാഹനങ്ങള്. ജനുവരി മുതല് ജൂണ് വരെയുള്ള കാലയളവില് പ്രതിമാസം ശരാശരി 32,000ത്തിലേറെ വാഹനങ്ങളാണ് പുതുതായി രജിസ്റ്റര് ചെയ്തത്. പ്രതിദിന കണക്ക് ആയിരത്തിലധികമാണ്. ദുബൈ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ (ആര്ടിഎ) ലൈസന്സിങ് ഏജന്സി സിഇഒ അഹമ്മദ് മഹ്ബൂബ് ആണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയിലും നഗരവ്യാപ്തിയിലും സാമ്പത്തിക പ്രവര്ത്തനങ്ങളിലും ഉണ്ടായ തുടര്ച്ചയായ വളര്ച്ചയാണ് വാഹന രജിസ്ട്രേഷന്, പരിശോധനാ സേവനങ്ങളുടെ ആവശ്യകത വര്ധിപ്പിച്ചതെന്ന് അഹമ്മദ് മഹഹ്ബൂബിനെ ഉദ്ധരിച്ച് അല്ബയാന് റിപ്പോര്ട്ട് ചെയ്തു. നടപടിക്രമങ്ങള് ലളിതമാക്കുന്നതിനും സേവനങ്ങള് വേഗത്തിലാക്കുന്നതിനും വാഹന പരിശോധനയുടെ കൃത്യത വര്ധിപ്പിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകളും സ്മാര്ട്ട് സംവിധാനങ്ങളും ഉള്പ്പെടുത്തിയ സംയോജിത സേവന ശൃംഖല വികസിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്ടിഎയുടെ വെബ്സൈറ്റും മൊബൈല് ആപ്പും വഴിയുള്ള സേവനങ്ങള് നടപടിക്രമങ്ങള് വേഗത്തിലാക്കാനും സേവനനിലവാരവും ഉപഭോക്തൃ സംതൃപ്തിയും മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹന പരിശോധനാ കേന്ദ്രങ്ങള് 35 ആയി ഉയരും
നിലവില് ദുബൈയില് 30 വാഹന പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. വര്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് 2030ഓടെ കേന്ദ്രങ്ങളുടെ എണ്ണം 35 ആയി ഉയര്ത്താനാണ് ആര്ടിഎയുടെ പദ്ധതി. നഗരവികസനത്തിനും ജനസംഖ്യാ വര്ധനയ്ക്കും അനുസൃതമായി സേവനങ്ങള് വിപുലീകരിക്കുന്നതിലൂടെ പരിശോധനാ കേന്ദ്രങ്ങളിലെ സേവനം ത്വരിതപ്പെടുത്താനും കഴിയുമെന്നും മഹ്ബൂബ് പറഞ്ഞു. വാഹന പരിശോധനാ കേന്ദ്രങ്ങളില്നിന്നുള്ള വിവരങ്ങള് ഏകീകരിക്കുകയും പരിശോധനാ നടപടികള്ക്ക് ഏകീകൃത മാനദണ്ഡങ്ങള് ഉറപ്പാക്കുകയും ചെയ്യുന്ന കേന്ദ്രീകൃത സാങ്കേതിക പരിശോധനാ സംവിധാനവും ആര്ടിഎ പ്രവര്ത്തിപ്പിക്കുന്നുണ്ട്.